ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ പ്രതിഷ്ഠാദിനം വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ അറിയിച്ചു. 2013 ലാണ് പഴയ ഭഗവതി ക്ഷേത്രം പൊളിച്ച് പുതിയ ഭഗവതിയുടെ ക്ഷേത്രം നിർമ്മിച്ച് പുന:പ്രതിഷ്ഠ നടത്തിയത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭഗവതിക്ക് ബിംബശുദ്ധി കലശാഭിഷേകം നടക്കും. വൈകീട്ട് അഷ്ടദള ഭഗവതി സേവ, നിറമാല ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും. ഭഗവതിയുടെ പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിശേഷാൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കും. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക അഷ്ടദള ഭഗവതി സേവ ഭക്തജനങ്ങൾക്ക് രശീതിയാക്കാം.