ചാലക്കുടി: മണിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ചേനത്തുനാട്ടിലെ കലാഗൃഹത്തിൽ പുതിയൊരു വായനശാലയ്ക്ക് തിരശീല ഉയർന്നു. തന്റെ പിതാവിന്റെ നാമധേയത്തിൽ തുടക്കമിട്ട കലാഗൃഹത്തിൽ വായനശാലയ്ക്ക് ഒരിടം വേണമെന്ന മണിയുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. സഹോദരൻ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീതാ സാബു, പി.എം. ശ്രീധരൻ, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പൻ, കൗൺസിലർമാരായ വി.ജെ. ജോജി, മേരി നളൻ, ഡോ.ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മണിയുടെ പ്രതിമയിൽ സഹോദരൻ പുഷ്പഹാരം ചാർത്തി. തുടർന്ന് നൂറുകണക്കിന് ആരാധകരും മണിയുടെ പ്രതിമക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
തരംഗ് ചാലക്കുടി കലാഭവൻ മണി അനുസ്മരണം നടത്തി. കൂടപ്പുഴ അജന്ത ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ഹാളിൽ തരംഗ് പ്രസിഡന്റ് അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മണികണ്ഠൻ കലാഭവൻ ഉദ്ഘാടനം ചെയ്തു. പ്രസീദ ചാലക്കുടി മുഖ്യാതിഥിയായി. കലാഭവൻ ജയൻ, കലാഭവൻ സലിം, ഗായകൻ സുധിഷ്, അജന്ത ക്ലബ്ബ് പ്രസിഡന്റ് സി. മധുസൂദനൻ, കലാഭവൻ ജയൻ, കലാഭവൻ പ്രമോദ്, കലാഭവൻ ജോബി, ജോൺസൻ തന്നാടൻ, കെ.കെ മാർഷൽ, പ്രഭാത് മാമ്പ്ര, പ്രദിപ് പൂലാനി, സലിലൻ വെള്ളാനി എന്നിവർ സംസാരിച്ചു. രാവിലെ കലാഭവൻ മണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കലാഭവൻ മണി ഗാനങ്ങൾ കലാകാരന്മാർ ആലപിച്ചു.