ചാലക്കുടി: മേലൂർ വെട്ടുകടവിലെ പുതിയ സംരംഭമായ ആയൂർ പത്മസുബ്രം ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ വെബ്‌സൈറ്റ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാർമസിയുടെ ഉദ്ഘാടനം മുൻ മന്ത്രി കെ.പി. വിശ്വനാഥനും മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ദേവനും നിർവഹിക്കും. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആയുർവേദ ഹെർബൽ ഫാം ഉദ്ഘാടനം ചെയ്യും. ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു തുടങ്ങിയവർ സംസാരിക്കും. എല്ലാവിധ ആയുർവേദ ചികിത്സയും ഔഷധങ്ങളും ഇവിടെ ലഭിക്കും. പഞ്ചകർമ്മ, ഉഴിച്ചിൽ, പിഴിച്ചിൽ, കിഴികൾ, പ്രസവാനന്തര ചികിത്സ എന്നിവയുമുണ്ടാകും. സി.ഇ.ഒ: കെ.എസ്. സന്തോഷ്, ഡോ. എൽ.യു. മനുകൃഷ്ണ, പി.എൻ. ജോഷി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.