തൃശൂർ: നിറയെ ഭാരം കയറ്റി, തൃശൂർ അങ്ങാടിയിലൂടെ ഉന്തുവണ്ടി തള്ളിപ്പോകുന്ന ഒരു സുന്ദരി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച വനിത. പേര് കത്രീന. പ്രായം 19. കാലം 1946. ആ കത്രീനയ്ക്ക് ഇപ്പോഴും ഒരാഗ്രഹമേ ഉള്ളൂ- മരിക്കുംവരെ പണിയെടുത്തു ജീവിക്കണം.
''ദേ, ഇങ്ങോട്ടു നോക്കിയേ.. ഞാനിപ്പോഴും സുന്ദരിക്കുട്ടിയാ.'' 91 കഴിഞ്ഞ കത്രീനച്ചേച്ചി വെളുക്കെ ചിരിക്കുന്നു. ''നല്ലൊരു വർക്ക്‌ഷോപ്പിൽ കയറ്റി പാച്ച് വർക്ക് നടത്തിയാൽ ഞാനിപ്പോഴും സുന്ദരിതന്യാ.. എന്താ, ഐശ്വര്യറായി തോറ്റോടും.'' ഇങ്ങനെ ഉള്ളുതുറന്ന് തമാശ പൊട്ടിക്കാനും ബഹു മിടുക്കിയാണ് കത്രീനച്ചേച്ചി.
കണ്ണ് കാണാം, ചെവി കേൾക്കാം, ഒരു പല്ലും കൊഴിഞ്ഞിട്ടില്ല. തൃശൂർ പൂങ്കുന്നം ഹരിനഗറിലാണ് താമസം. മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി രണ്ടുതലമുറ പിന്നിട്ടു. അസുഖങ്ങളൊന്നുമില്ല.
പെരുമ്പിളിശേരി പൂത്തറയ്ക്കൽ രൂപേഷിന്റെ വീട്ടിൽ വാർക്കപ്പണിയിലായിരുന്നു ഇന്നലെ കത്രീനച്ചേച്ചി. ചുട്ടുപൊള്ളുന്ന വെയിലത്ത് പുറത്തിറങ്ങാൻ പലരും മടിക്കുമ്പോൾ ഒന്നിനെയും കൂസാതെ സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന കത്രീനയ്ക്ക് ചെറിയ ഒരു മോഹംകൂടിയുണ്ട്- ഒരു സെന്റ് ഭൂമി വേണം."പുറംപോക്കായാലും മതി. ചെറിയൊരു കൂരവയ്ക്കണം. അത് ഞാൻ പണിതോളാം. അതിനുള്ള ആരോഗ്യം എനിക്കുണ്ട്.''
72 വർഷമായി കഠിനാദ്ധ്വാനംചെയ്യുന്ന കത്രീനയ്ക്ക് എന്തുണ്ട് സമ്പാദ്യം? ചേറൂർ പള്ളിയിൽ ഒരു കല്ലറയുണ്ട്. 22 കൊല്ലം മുമ്പ് 17,000 രൂപ നൽകി ഭർത്താവ് ബേബിയുടെ കല്ലറയ്ക്ക് സമീപം പണിതിട്ടതാണ്. ഉണ്ടായിരുന്ന വീടും സ്ഥലവും സമ്പാദ്യവും മക്കൾക്ക് നൽകി. അതിൽ വിഷമമോ നിരാശയോ ഇല്ല. മരണംവരെ എല്ലുമുറിയെ പണിയെടുത്ത് ജീവിക്കാൻ കഴിയണം, അതിലാണ് ഹരം.
അന്ന് ഞാൻ തടിച്ച സുന്ദരിയായിരുന്നു
ഭർത്താവ് ബേബി ചീട്ടുകളിക്കാരനായിരുന്നു. മൂത്ത മകനെ പ്രസവിച്ച് 28 ദിവസമാകുന്നതിനുമുമ്പേ ജോലിക്കിറങ്ങി. ''ഒരു പെണ്ണിന് തനിച്ച് ഇറങ്ങാൻ പേടിയുണ്ടായിരുന്ന കാലത്താണ് ജോലിക്കിറങ്ങിയത്. അന്ന് ഞാൻ തടിച്ച സുന്ദരിയായിരുന്നു. വാർക്കപ്പണിക്ക് പോകും. കിണറു കുത്തും, കക്കൂസ് കുഴി കുത്തും. ഉന്തുവണ്ടിയിൽ 25 ചാക്ക് കയറ്റി ഒറ്റയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. തൃശൂരിൽ വണ്ടി തള്ളുന്ന ഒരു പെണ്ണുണ്ടായിട്ടുണ്ടെങ്കിൽ അത് ഞാൻ മാത്രമാണ്. നടി വിധുബാലയുടെ വീട്ടിലും ജോലി ചെയ്തു. അവിടന്ന് ചോറും കറികളുമൊക്കെ ചുമന്നുകൊണ്ടുപോയി കുട്ടികളുടെ വിശപ്പടക്കിയിട്ടുണ്ട്...''
കാര്യങ്ങൾ ഇങ്ങനെ ഓർത്തെടുക്കുമ്പോൾ കത്രീനച്ചേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. പൊൻമുട്ടയിടുന്ന താറാവിന്റെ കഥ പറഞ്ഞപോലെ - എന്ന് വെറുതേ ഒരു ഉപമകൂടി പറഞ്ഞ് കത്രീനച്ചേച്ചി വീണ്ടും ജോലിയിൽ മുഴുകി.