മാള: മാള ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതിവഴിയിൽ നിലച്ച നിർമ്മാണത്തിൽ തുറന്നു കിടക്കുന്ന കാന അപകടക്കെണിയായി. സ്ളാബിട്ട് മൂടാത്ത കാനയുടെ ഭാഗം തുറന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മാള സെന്ററിൽ തന്നെയുള്ള തുറന്ന കാനയിൽ നിരവധി പേരാണ് വീണിട്ടുള്ളത്. കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും. കാന നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് പണി നിറുത്തിവച്ചതെന്നാണ് അറിയുന്നത്. റോഡിനോട് ചേർന്നുള്ള തുറന്നുകിടക്കുന്ന കാനയുടെ മുന്നിൽ മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ടൗണിൽ സ്ഥിരമായ അപകടം ഉണ്ടാക്കുന്ന കാനയിൽ പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് വാഴ നട്ട് പ്രതിഷേധിച്ചു. പ്രതീകാത്മക സമരത്തിന് പൊതുപ്രവർത്തകരായ വിനോദ് വിതയത്തിൽ, സോയ് കോലഞ്ചേരി, ഷിന്റോ എടാട്ടുക്കാരൻ, ജിജോ പഴുപറമ്പിൽ, ഉണ്ണി, ഉമ്മർ മാരേക്കാട് എന്നിവർ നേതൃത്വം നൽകി.