തൃശൂർ: കനത്ത ചൂടിൽ കോഴി വില കുത്തനെ കുറയാൻ തുടങ്ങിയതോടെ ഉത്പാദന ചെലവ് പോലും ലഭിക്കാതെ കർഷകരും വ്യാപാരികളും ദുരിതത്തിൽ. തമിഴ്‌നാട്ടിൽ കോഴി വില കുറഞ്ഞതും കേരളത്തിൽ നോമ്പുകാലം തുടങ്ങിയതും കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതുമാണ് വില കുറയാൻ കാരണം. കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതോടെ ഉത്പാദന ചെലവ് താങ്ങാൻ കഴിയാതെ വില കുറച്ചു നൽകുന്നവരുമുണ്ട്. ഫെബ്രുവരി 17 മുതലാണ് വില ഇടിയാൻ തുടങ്ങിയത്. കിലോഗ്രാമിന് 105 രൂപയുണ്ടായിരുന്ന കോഴിവില ഫെബ്രുവരി 21ഓടെ നൂറിലേക്കെത്തി. മാസാവസാനം 90 രൂപയിലേക്കുമെത്തി. ഇന്നലത്തെ വില 86 രൂപയാണ്. കോഴിത്തീറ്റയുടെ വില മൂന്നാഴ്ചയ്ക്കിടെ 75 കിലോയുടെ ചാക്കിന് 450 രൂപയുടെ വർദ്ധനവുണ്ടായതോടെയാണ് കർഷകരുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായത്.
ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് ഇപ്പോൾ 42 മുതൽ 45 രൂപ വരെയാണ് വില. 40 - 45 ദിവസം കഴിയുമ്പോൾ വിൽപ്പനയ്ക്ക് പാകമാകും. കുഞ്ഞിന്റെയും, തീറ്റയുടെ വിലയും, കറന്റ് ചാർജും ഉൾപ്പെടെ 85 രൂപ ചെലവാകും. കഴിഞ്ഞ ദിവസത്തെ ഫാം റേറ്റ് 70 മുതൽ 75 രൂപ വരെയാണ്. പത്ത് രൂപയിൽ കൂടുതൽ ഒരു കിലോഗ്രാമിൽ നഷ്ടം സംഭവിക്കുന്നതായി ഫാം ഉടമകൾ പറയുന്നു. 1000 കോഴിക്ക് 50 മുതൽ 55 ചാക്ക് തീറ്റവരെ ചെലവാകും. വില വർദ്ധന മൂലം 22,500 രൂപ അധികമായി കർഷകർക്ക് ചെലവഴിക്കേണ്ടി വരുന്നു. ചൂട് കൂടിയതിനാൽ കോഴികൾക്ക് അസുഖം വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. കൂടുതൽ നഷ്ടം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കിട്ടിയ വിലയ്ക്ക് വിൽക്കുകയെന്ന നിലപാടിലാണ് ഇപ്പോൾ കർഷകർ.
ആയിരം കോഴിക്ക് വേണ്ട കോഴിത്തീറ്റ - 50 മുതൽ 55 ചാക്ക് വരെ
കർഷകരുടെ അധിക നഷ്ടം 22,500 രൂപ
ഇന്നലത്തെ കോഴിവില 86
തമിഴ്‌നാട്ടിൽ ഉത്പാദന ചെലവ് കുറവ്
തമിഴ്‌നാട് ലോബിയാണ് കേരളത്തിലെ കമ്പോളം നിയന്ത്രിക്കുന്നത്. സൗജന്യമായി കറന്റും, സബ്‌സിഡിയിൽ തീറ്റയും ലഭിക്കുന്ന തമിഴ്‌നാട്ടിൽ ഉത്പാദന ചെലവ് കുറവാണ്. വെള്ളപ്പൊക്കത്തിൽ കർണാടകയിലും തമിഴ്നാട്ടിലും ചോളം കൃഷി നശിച്ചതാണ് തീറ്റയുടെ വില കൂടാൻ കാരണം.
ഈ രീതിയിൽ മുന്നോട്ടുപോയാൽ വ്യാപാരികളുടെയും കർഷകരുടെയും നടുവൊടിയും. കർഷകരുടെ രക്ഷയ്ക്കായി അടിയന്തര നടപടി ഉണ്ടാകണം
ബിന്നി ഇമ്മട്ടി (കേരള ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി )