ചാലക്കുടി: വയനാട്ടിലെ മാവോയിസ്റ്റ് സംഭവത്തെ തുടർന്ന് സംസ്ഥാന അതിർത്തിയായ മലക്കപ്പാറയിൽ ജാഗ്രതാ നിർദ്ദേശം. മലക്കപ്പാറയ്ക്ക് പുറമെ അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്കും ആഭ്യന്തര വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് നിരീക്ഷണം വേണമെന്നാണ് ആവശ്യം.
ആറ് വർഷം മുമ്പ് ഷോളയാർ ആനക്കയം കോളനിയിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടായെന്ന് വിവരം ലഭിച്ചിരുന്നു. അപരിചിതരായ ചിലരെ അന്ന് കോളനിയിൽ കണ്ടെന്നാണ് ആദിവാസികൾ പറഞ്ഞത്. ഉപേക്ഷിച്ചിട്ട ഭക്ഷണപ്പൊതികളും കണ്ടതോടെയാണ് ഇവർ മാവോയിസ്റ്റുകളാണെന്ന് സംശയം ജനിച്ചത്. ഇതേത്തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനുണ്ടായില്ല. ഇപ്പോൾ ആനക്കയം കാടർ കോളനിയിലെ വീടുകൾ ആൾതാമസമില്ലാതെ കിടക്കുകയാണ്.
പ്രളയകാലത്തെ ഉരുൾപൊട്ടലിൽ ആനക്കയത്തെ കാടർ വിഭാഗക്കാരെ ഇവിടെ നിന്നും മാറ്റിയിരുന്നു. കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്‌സിൽ കഴിയുന്ന 19 കുടുംബങ്ങളും ഇതുവരെയും അവിടെ നിന്നും തിരിച്ചെത്തിയിട്ടില്ല. അടഞ്ഞു കിടക്കുന്ന വീടുകളായതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആനക്കയം കോളനിയിൽ പ്രത്യേകം നിരീക്ഷിക്കേണ്ടിവരും. ഇവിടെ നിന്നും ഡാം കടന്നാൽ ഒരുഭാഗത്ത് പാലക്കാട് വനപ്രദേശവും മറ്റൊരിടത്ത് തമിഴ്‌നാടുമാണ്.
ജാഗ്രതൈ
മലക്കപ്പാറയിലും അതിരപ്പിള്ളിയിലും ജാഗ്രതാ നിർദേശം
ആദിവാസി കോളനികളിൽ നിരീക്ഷണം വേണമെന്ന്
ആനക്കയത്ത് മുൻപ് മാവോയിസ്റ്റ് സാന്നിദ്ധ്യം സംശയം
ആനക്കയം കോളനിയിൽ ഇപ്പോൾ ആൾതാമസമില്ല