പാവറട്ടി: ഏനാമാവ് പുഴയിൽ കോടമുക്ക് കോലുമാട് തടയണ നിർമ്മാണത്തിനായി പാറ കണ്ടെത്തൽ പരിശോധന തുടങ്ങി.16 വർഷങ്ങൾക്ക് മുമ്പാണ് ജില്ലാ പഞ്ചായത്ത് ഏനാമാവ് കായൽപരപ്പ് ശുദ്ധജല തടാകമാക്കണമെന്ന ആശയത്തിന് തുടക്കമിട്ടത്. 2003ൽ പ്രസ്തുത പദ്ധതി വികസിപ്പിച്ച് കോടമുക്ക് കോലുമാട് തടയണ എന്ന പദ്ധതിയായി ആവിഷ്‌കരിച്ചു.

തടയണ സംബന്ധിച്ച് മുൻപ് പല നിരീക്ഷണ പരീക്ഷണങ്ങളും നടത്തിയെങ്കിലും പദ്ധതി നടപ്പിലാക്കാൻ തയ്യാറായില്ല. 2018- 19 ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാതിരുന്നിട്ടും മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടൽ വഴി 50 കോടി രൂപ വകവരുത്തിയിട്ടുണ്ട്. വികസന സമിതി ഇറിഗേഷൻ ചീഫ് എൻജിനിയറെ കണ്ട് ബോട്ട് സർവ്വെയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബോട്ട് സർവേയും പാറകണ്ടെത്തൽ പരിശോധനയും നടക്കുന്നത്.

പദ്ധതി പ്രാവർത്തികമായാൽ ഏനാമാക്കൽ പുഴയുടെ ഇരുവശങ്ങളിലുമുള്ള കിണറുകളിൽ ശുദ്ധജലമാകാനും സാദ്ധ്യതയുണ്ട്. തൃശൂർ കോർപറേഷനിലേക്കും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലേക്കും കുറഞ്ഞ ദൂരത്തിൽ ശുദ്ധജലം എത്തിക്കാനാകും.

പീച്ചിയിലേക്കാൾ വെള്ളം സംഭരിക്കാം

കോടമുക്ക് കോലുമാട് തടയണ പദ്ധതി പ്രാവർത്തികമായാൽ പീച്ചിയിൽ ശേഖരിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയും. കോൾ മേഖലയിൽ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.

- കെ.വി. തോമസ്, കോടമുക്ക് കോലുമാട് തടയണ വികസന സമിതി