കൊടുങ്ങല്ലൂർ: കടലിൽ പരിശീലനം നടത്തുകയായിരുന്ന തമിഴ്നാട്ടുകാരനായ യുവാവിനെ കോസ്റ്റൽ പൊലീസ് പിടികൂടി, ചോദ്യം ചെയ്ത് വിട്ടയച്ചു. തീവ്രവാദ ഭീഷണിയുടെ അടിസ്ഥാനത്തിൽ കടലിലും കടലോരത്തും സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി അഴീക്കോട് കോസ്റ്റൽ പൊലീസിന്റെ പരിശോധനയിലാണ് വായു നിറച്ച് വീർപ്പിച്ച് യമഹ എൻജിൻ ഘടിപ്പിച്ച ജെമിനി ബോട്ടിൽ തമിഴ് നാട്ടുകാരനായ യുവാവ് കടലിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്.

കോതകുളം ബീച്ചിൽ പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട് തിരുപ്പൂർ മംഗളപ്പെട്ടി ഗ്രാമത്തിലെ സത്യരാജിനെയാണ് (34) കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കടൽമാർഗ്ഗം ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പരിശീലനം നേടുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ടെന്ന് നാവിക സേനാ മേധാവി സുനിൽ ലാംബയുടെ മുന്നറിയിപ്പിനെ തടർന്നാണ് കടലിലും കടൽത്തീരത്തും സുരക്ഷ ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഴീക്കോട് തീരദേശ പൊലീസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സത്യരാജിനെ കണ്ടെത്തിയത്.

ഇയാളെ കരയിലെത്തിച്ച് നടത്തിയ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വാഹനം, ബോട്ട്, മറ്റ് രേഖകൾ പരിശോധിച്ചതിൽ അപകടകാരിയല്ലെന്നും സാഹസിക യാത്രികനാണെന്നും കണ്ടെത്തി. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ അവിടുത്തെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ ഇയാളെ വിട്ടയച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി കടലിലും കടൽത്തീരത്തും 24 മണിക്കൂറും കർശന നിരീക്ഷണം തുടരുമെന്നും സത്യരാജിനെ കസ്റ്റഡിയിലെടുത്ത കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എൻ. ഷിബു പറഞ്ഞു. ഇന്റലിജന്റ്സ് എ.എസ്.ഐ മണികണ്ഠൻ, സിവിൽ പൊലീസ് ഓഫീസർ വി.എൻ. പ്രശാന്ത് കുമാർ എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു...