തൃത്തല്ലൂർ യു.പി സ്‌കൂളിൽ പറവകൾക്കായി സ്ഥാപിച്ച കുടിനീർ പാത്രത്തിലേക്ക് സി.എൻ. ജയദേവൻ എം.പി ദാഹജലം പകർന്നു നൽകുന്നു.
വാടാനപ്പള്ളി: പറവകൾക്ക് കുടിനീർ നൽകി തൃത്തല്ലൂർ യു.പി സ്‌കൂളിലെ വാർഷികാഘോഷം വേറിട്ടതായി. ദാഹിച്ചുവലയുന്ന പക്ഷികൾക്ക് ദാഹജലം നൽകിയാണ് ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യാതിഥിയായ സി.എൻ ജയദേവൻ എം.പി പക്ഷികൾക്കായി തയ്യാറാക്കിയ കുടിനീർ പാത്രത്തിലേക്ക് ദാഹജലം പകർന്നു നൽകി. തുടർന്ന് വാർഷികാഘോഷം, അദ്ധ്യാപക രക്ഷാകർത്തൃദിനം, പൂർവവിദ്യാർത്ഥി സംഗമം എന്നിവ നടന്നു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വാർഷികാഘോഷം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ഔഷധി സുപ്രണ്ട് ഡോ: കെ.എസ്. രജിതൻ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ. എൻ. സുധീഷ് ശാസ്ത്ര പ്രതിഭാ പുരസ്‌കാര വിതരണം നിർവഹിച്ചു. പഞ്ചായത്തംഗം റീന സുനിൽ കുമാർ കായിക പ്രതിഭാ പുരസ്‌കാര വിതരണം നടത്തി. രാധാകൃഷ്ണൻ മാസ്റ്ററുടെ സ്‌നേഹ സമ്മാനം കെ. ജയവല്ലി സമ്മാനിച്ചു. ഗോൾഡൻ സ്റ്റാർ എന്റോവ്മെന്റ്, കാർഷിക പ്രതിഭാ പുരസ്‌കാരം എന്നിവ മാനേജ്‌മെന്റ് പ്രതിനിധി ശ്രീപ്രകാശ് കരീപ്പാടത്ത് വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ, ഹെഡ്മിസ്ട്രസ് സി.പി. ഷീജ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ദീപൻ, കെ.എ. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച ഗ്രീൻ പൊലീസ് കാഡറ്റിനുള്ള പുരസ്‌കാരം വി.എസ്. അനസൂദിന് സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും പൂർവ വിദ്യാർത്ഥികളുടെ നാട്ടുണർവ് നാടൻ പാട്ടുകളും കലാപരിപാടികളും അരങ്ങേറി.