അക്കൗണ്ടിൽ നിക്ഷേപിച്ചത് പകുതി ശമ്പളം

വരന്തരപ്പിള്ളി: ശമ്പളം കൃത്യമായി നൽകാത്തതിൽ പ്രതിഷേധിച്ച് പാലപ്പിള്ളി കൊച്ചിൻ മലബാർ കമ്പനിയുടെ ചിമ്മിനി ഹെഡ്ഡ് ഓഫീസ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഉപരോധിച്ചു. ഇന്നലെ രാത്രിയും ഉപരോധം തുടരുകയാണ്. കമ്പനി ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, രണ്ട് ജീവനക്കാർ എന്നിവരെയാണ് തൊഴിലാളികൾ ഉപരോധിച്ചത്. എല്ലാ മാസവും ഏഴാം തിയതിയാണ് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. മുഴുവൻ ശമ്പളവും ഒരു ദിവസം തന്നെ നൽകണമെന്ന് കഴിഞ്ഞ മാസം തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ പകുതി ശമ്പളം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് തൊഴിലാളികൾ പ്രകോപിതരായത്. കമ്പനിയുടെ ചിമ്മിനി, എച്ചിപ്പാറ, പുതുക്കാട് ഡിവിഷനുകളിലെ തൊഴിലാളികൾ സംഘടിച്ച് ഹെഡ് ഓഫീസ് ഉപരോധിക്കുകയായിരുന്നു.