തൃശൂർ: തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയർത്താൻ ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷൻ നടത്തിവരുന്ന 'അക്ഷരസാഗരം' തീരദേശ സാക്ഷരത- തുല്യതാ പരിപാടിക്കുള്ള പഠിതാക്കളെ ഇന്നുമുതൽ കണ്ടെത്തും. ജില്ലയിൽ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂരിന് പുറമെ കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിലും പദ്ധതിയുടെ മൂന്നാംഘട്ടം നടക്കുന്നുണ്ട്. 15നുള്ളിൽ പഠിതാക്കളുടെ പട്ടിക തയ്യാറാക്കി ക്ലാസുകൾ മാർച്ച് 24ന് തുടങ്ങും. മൂന്ന് ജില്ലകളിലായി സാക്ഷരതാനിലവാരം തീരെ കുറഞ്ഞ മൊത്തം 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 138 തീരദേശവാർഡുകളിലാണ് മൂന്നാംഘട്ടം. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 13 വീതമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൊത്തം 138 ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്തു.

പദ്ധതിയുടെ ഭാഗമായി ഒരു ഇൻസ്ട്രക്ടർ കുറഞ്ഞത് 25 നിരക്ഷരരെ സാക്ഷരതാ ക്ലാസിൽ എത്തിക്കും. ഇവരെ കയും മികവുത്സവം സാക്ഷരതാ പരീക്ഷയിൽ പങ്കെടുപ്പിക്കുകയും വേണം. 17 വയസ് മുതൽ പ്രായമുള്ള ആർക്കും സാക്ഷരതാ ക്ലാസുകളിൽ പങ്കെടുക്കാം. 60 വയസിനു താഴെയുള്ള പഠിതാക്കളാണ് ടാർജറ്റ് ഗ്രൂപ്പ്. 60 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് പഠിക്കാൻ താത്പര്യം ഉണ്ടെങ്കിൽ അവസരം നൽകും. വാർഡുകളിൽ 25 നിരക്ഷരർ ഇല്ലെങ്കിൽ സമീപമുള്ള വാർഡുകളിൽ നിന്നും കണ്ടെത്തും. വിദ്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പഠനക്ലാസുകൾ ഒരുക്കുന്നത്. സാക്ഷരതാ ക്ലാസുകൾക്കൊപ്പം ആരോഗ്യം, പരിസ്ഥിതി, ഭരണഘടന തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള സാമൂഹ്യസാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കും.

എല്ലാ മാസവും അവലോകന യോഗം

വാർഡുകളിൽ സാക്ഷരതാസമിതി യോഗങ്ങൾ, ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ സംഘാടകസമിതി രൂപീകരണം എന്നിവ പൂർത്തിയാക്കി. വാർഡ് മെമ്പർ ചെയർമാനായുള്ള സംഘാടക സമിതികളിൽ സാമൂഹിക സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അംഗങ്ങളാണ്. ക്ലാസുകളുടെ പ്രവർത്തനം വിലയിരുത്താനായി ജില്ലാതലത്തിൽ എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്തും. മൂന്ന് മാസത്തെ സാക്ഷരതാ ക്ലാസിനുശേഷം മികവുത്സവം എന്ന പേരിൽ സാക്ഷരതാ പരീക്ഷ നടത്തും വിധമാണ് പദ്ധതിയുടെ ആസൂത്രണം. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജൂലായ് 21 ന് വിതരണം ചെയ്യും.


അക്ഷരസാഗരം

നാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ പരിപാടികൾ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തീരദേശമേഖലയിലെ നിരക്ഷരർ, നവസാക്ഷരർ, സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു പോയവർ, ശാരീരിക- മാനസിക വെല്ലുവിളിയുള്ളവർ, നാലാംതരം വിജയിക്കാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മത്സ്യസംരക്ഷണം, തീരദേശസംരക്ഷണം, കരിയർ ഗൈഡൻസ് എന്നിവയെല്ലാം ലക്ഷ്യമിടുന്ന ബൃഹത്പദ്ധതിയാണ് അക്ഷരസാഗരം.

....................................................................

പദ്ധതി നടപ്പാക്കുന്ന വാർഡുകളിൽ കണ്ടെത്തിയ മുഴുവൻ പഠിതാക്കളൈയും സാക്ഷരതാ ക്ലാസിലേക്ക് രജിസ്റ്റർ ചെയ്യിക്കാൻ ഇൻസ്ട്രക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്- ഡോ. പി.എസ്. ശ്രീകല (സാക്ഷരതാമിഷൻ ഡയറക്ടർ)

ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകൾ 15

തീരദേശ വാർഡുകൾ 45