ഇസാഫ് ബാങ്കിന്റെ രണ്ടാം വാർഷികാഘോഷവും ഇന്ന് തൃശൂരിൽ
തൃശൂർ: ഇസാഫിന്റെ 27ാമത് സ്ഥാപകദിനാഘോഷവും ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ രണ്ടാമത് വാർഷികവും ഇസാഫ് കോ-ഓപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷങ്ങളും ഇന്ന് തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒമ്പതിന് സ്ഥാപകദിനാഘോഷ പരിപാടികളിൽ, പത്തുവർഷം പൂർത്തിയാക്കിയ ഇസാഫ് ജീവനക്കാരെ ആദരിക്കുമെന്ന് ഇസാഫ് സ്ഥാപകരായ കെ. പോൾ തോമസും മെറീന പോളും പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷക ഉത്പാദക കമ്പനികൾക്കുള്ള അവാർഡും വിതരണം ചെയ്യും.
11ന് ഇസാഫ് ബാങ്കിന്റെ വാർഷികാഘോഷം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് ആമുഖ പ്രഭാഷണം നടത്തും. ചെയർമാൻ ആർ. പ്രഭ അദ്ധ്യക്ഷനാകും. ഹ്യൂമനോയിഡ് റോബോട്ട് സർവീസ്, ഇസാഫ് സ്‌കൂൾ ലോൺ, ഇസാഫ് വാഹന ലോൺ, കർഷകർക്കുള്ള ഇസാഫ് കൃഷക് ബന്ധു അക്കൗണ്ട്, ഇസാഫ് റസലിയന്റ് കമ്മ്യൂണിറ്റി ഇൻഷ്വറൻസ് തുടങ്ങിയ ബാങ്കിംഗ് സേവനങ്ങൾക്ക് ചടങ്ങിൽ തുടക്കമാകും. രണ്ടിന് അന്താരാഷ്ട്ര വനിതാദിനാഘോഷം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ഇസാഫ് സ്ഥാപകയും ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർമാനുമായ മെറീന പോൾ അദ്ധ്യക്ഷത വഹിക്കും.
ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ രാജ്യത്തെ ഏക മത്സ്യതൊഴിലാളി സ്ത്രീയും ഇസാഫ് സ്വാശ്രയ സംഘാംഗവുമായ രേഖ കാർത്തികേയന് പ്രഥമ ഇസാഫ് 'സ്ത്രീരത്‌ന" അവാർഡ് വനിത കമ്മിഷൻ അദ്ധ്യക്ഷ എം. സി. ജോസഫൈൻ സമ്മാനിക്കും. യു.പി.ഐക്കു മാത്രമായി പുതിയ മൊബൈൽ ആപ്പ് ഉടൻ നിലവിൽ വരുമെന്നും ഫണ്ട് ട്രാൻസ്‌ഫർ, മർച്ചന്റ് പേമെന്റ്, കോർപ്പറേറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകുമെന്നും കെ. പോൾ തോമസ് പറഞ്ഞു. ഇസാഫ് ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ എ. ജി. വർഗീസ്, ജോർജ്ജ് കെ. ജോൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബാങ്കിന്റെ ലക്ഷ്യങ്ങൾ
റോബോട്ട് എയ്ഡഡ് ബാങ്കിംഗ് സൗകര്യം ഉടൻ
2020 മാർച്ചിൽ ശാഖകൾ 500
മൊബൈൽ ആപ്പിന് പുറമേ യു.പി.ഐക്ക് മാത്രമായി മൊബൈൽ ആപ്പ്
നേട്ടങ്ങൾ
10 ലക്ഷം പുതിയ ഉപഭോക്താക്കൾ
₹3,900 കോടി നിക്ഷേപം
വിതരണം ചെയ്തത് ₹5,000 കോടി (വായ്പകൾ ഉൾപ്പെടെ)
₹8,900 കോടിയുടെ മൊത്തം ബിസിനസ്
14 സംസ്ഥാനങ്ങളിലെ 113 ജില്ലകളിൽ ശാഖകൾ
വിവിധ സംസ്ഥാനങ്ങളിലായി 440 ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ
208 എ.ടി.എമ്മുകൾ
മൊത്തം 27 ലക്ഷം ഉപഭോക്താക്കൾ
യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു. പി. ഐ.) സംവിധാനം