കൊടുങ്ങല്ലൂർ: എം.പിയെന്ന നിലയിൽ നന്നായി പ്രവർത്തിച്ചു എന്നാണ് വിശ്വസിക്കുന്നതെന്നും അതു കൊണ്ട് തന്നെ പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും മത്സരിക്കുകയാണെങ്കിൽ ഇപ്പോൾ കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്നും തൽക്കാലം പിൻമാറുമെന്നും ഇന്നസെന്റ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ 1750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതായും അതിൽ 1200 കോടി രൂപയും അടിസ്ഥാന വികസനത്തിനായിരുന്നുവെന്നും മുഴുവൻ തുകയും ചെലവാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.പി ഫണ്ട് ഉപയോഗിച്ച് പുല്ലൂറ്റ് ചാപ്പാറ സെന്ററിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈററിന്റെ പ്രവർത്തനോദ് ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നസെന്റിനെ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഉദ്ഘാടന ചടങ്ങിൽ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ വിനീത മണിലാൽ, പി.പി. സുഭാഷ്, സി പി കെ.എം. മുഷ്ത്താഖ് അലി, നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു. അഞ്ചപ്പാലം സെന്ററിലും, കീത്തോളിയിലും ഓരോ ഹൈമാസ്റ്റ് കൂടി എം പി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.