തൃശൂർ: കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഒരു പരിധി വരെ കുറയ്ക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂരിൽ ഫ്രണ്ട്‌സ് ഒഫ് ലത സംഘടിപ്പിച്ച ഒഴുകണം പുഴകൾ എന്ന സംസ്ഥാനതല കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണക്കെട്ടുകളിലെ ജലവിതാന പരിധിയും നിയന്ത്രണവും നിശ്ചയിക്കേണ്ടത് അക്കാര്യത്തിൽ പരിചയമില്ലാത്ത ഉദ്യോഗസ്ഥരല്ല. അണക്കെട്ടുകളുടെ സമീപം താമസിക്കുന്ന സാധാരണക്കാർക്കാണ് ഇക്കാര്യത്തിൽ പരിചയം. അവരുടെ നിർദ്ദേശമനുസരിച്ച് വേണം അണക്കെട്ടിലെ ജലവിതാനം നിയന്ത്രിക്കാനും തുറന്ന് വിടാനും. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി സർക്കാർ ഇപ്പോഴും ശ്രമം നടത്തുന്നത് പാഴ് വേലയാണ്. അവിടെ പദ്ധതിക്കായി ചെലവിടുന്ന തുകയ്ക്ക് ആനുപാതികമായി വൈദ്യുത ഉത്പാദനം ഒരിക്കലും സാദ്ധ്യമല്ല. പദ്ധതി മൂലമുള്ള പ്രകൃതിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്.അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. സാലിം അലി ഫൗണ്ടേഷൻ ചെയർമാൻ വി.എസ്. വിജയൻ, കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. പി. ഇന്ദിരാദേവി, പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ പി.വി. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.