കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം ബാങ്കിന്റെ സുവർണ്ണ ജൂബിലിവർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബാങ്കിന്റെ തനത് കാർഷിക പദ്ധതികളുടെ ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ ഒന്നര ഏക്കർ വസ്തുവിൽ ഡ്രിപ്പ് ഇറിഗേഷൻ, തിരിനന തുടങ്ങിയ ആധുനിക കൃഷിരീതികൾ പ്രയോജനപ്പെടുത്തി നടത്തിയ വിവിധ പച്ചക്കറി ഇനങ്ങളുടെ വിളവെടുപ്പ്, ബാങ്കിന്റെ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് ആൻഡ് ബയോലാബ് സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം എന്നിവയും നടന്നു.
കാർഷിക വ്യവസായിക ബാങ്കിംഗ് മേഖലകളിൽ നൂതനങ്ങളായ തനത് പദ്ധതികൾ, പാപ്സ്കോ ലെഡ് എന്ന പേരിൽ എൽ.ഇ.ഡി ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും, ഒരു പെയിൻ ആൻഡ് പാലിയേറ്റീവ് ഹോസ്‌പിറ്റൽ ബാങ്ക് സ്വന്തമായി തുടങ്ങുന്നതിനും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാകായിക രംഗങ്ങളിൽ സംസ്ഥാന തല മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജൈവകൃഷി വിളവെടുപ്പ്, കുംഭ വിത്ത് മേള എന്നിവയുടെ ഉദ്ഘാടനം യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ എന്നിവർ നിർവഹിച്ചു.
തുടർച്ചയായ 3 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക കാർഷിക കടം വായ്പ സംഘത്തിനുള്ള സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ബാങ്കിന്റെ സുവർണ്ണജൂബിലി പദ്ധതിയുടെ രൂപരേഖ ടെക്‌നിക്കൽ ഡയറക്ടർ ആർ.എ. മുരുകേശനും തനത് കാർഷിക പദ്ധതികൾ സംബന്ധിച്ച് ഡയറക്ടർ അഡ്വ. കെ.എസ്. മുഹമ്മദ് ഷെഫീറും വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. വിജയൻ, വാർഡ് മെമ്പർമാരായ കെ.വി. അജിത്കുമാർ, ഹസീന റഷീദ്, കൃഷി ഓഫീസർ ബൈജു ബേബി, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജിനി ടി.ബി നന്ദി പറഞ്ഞു.