കടപ്പുറം പഞ്ചായത്തിൽ കേടായി കിടക്കുന്ന ടാപ്പ്
ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിരവധി ടാപ്പുകൾ കേടുവന്നിട്ടും നേരെയാക്കിയില്ലെന്ന് പരാതി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് വർഷങ്ങളായി ടാപ്പുകൾ നന്നാക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പഞ്ചായത്തിലുള്ള മാട്ടുമ്മൽ, വട്ടേക്കാട്, കറുകമാട്, അഴിമുഖം ഭാഗങ്ങളിലെ പൈപ്പ് ലൈന്റെ ടാപ്പുകൾ നന്നാക്കാത്തതിനാൽ ഇടവിട്ടു പൈപ്പുകളിലൂടെ വരുന്ന കുടിവെള്ളം ശേഖരിക്കാൻ പറ്റാതെ നൂറു കണക്കിന് കുടുംബങ്ങൾ ബുന്ധിമുട്ടുകയാണ്. പഞ്ചായത്തിലെ പല മെമ്പർമാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. വർഷത്തിൽ വൻ തുക അതോറിറ്റിക്കു അടക്കുന്നുണ്ടെങ്കിലും പല ഭാഗങ്ങളിൽ വെള്ളം എത്തുന്നില്ലെന്നും പരാതിയുണ്ട്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പഞ്ചായത്ത് മെമ്പർ റസിയ അമ്പലത്തുവീട്ടിൽ ആവശ്യപ്പെട്ടു.