ചാവക്കാട്: വിധ്വംസക പ്രവർത്തനങ്ങളും കൊലപാതകങ്ങളുമുള്ള വെറുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് സി.പി.ഐ മുന്നോട്ട് വെയ്ക്കുന്നതെന്ന് കൃഷിമന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. സി. അച്യുതമേനോൻ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഒരുമനയൂരിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. എക്കാലത്തും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കും വിധമുള്ള സാമൂഹിക മാറ്റങ്ങളാണ് ഇടതുപക്ഷം നടത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരുമനയൂർ മുത്തംമാവിൽ പരേതനായ തൈക്കടവിൽ സുബൈറിന്റെ ഭാര്യ നൂർജഹാൻ മന്ത്രിയിൽ നിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ. സുധീരൻ, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, സിപി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി. മുഹമ്മദ് ബഷീർ, അസി. സെക്രട്ടറി സി.വി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. പാർട്ടി അംഗങ്ങളിൽ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് 675 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് 8 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചത്.