കേന്ദ്രമന്ത്രിമാരുടെ നിരയൊരുക്കാൻ ബി.ജെ.പി

തൃശൂർ: അന്തരീക്ഷ ചൂട് തിളച്ച് മറിയുന്നതിനിടെ തിരഞ്ഞെടുപ്പ് ചൂട് കത്തിക്കയറി തുടങ്ങി. ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്ക് ഇടതുപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കളം ഉണർന്നു. നേരത്തെ തന്നെ തൃശൂർ സീറ്റിലേക്ക് സി.പി.ഐ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിരുന്നു. ഇന്നലെ ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലേക്ക് സി.പി.എമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചിത്രം വ്യക്തമാകും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും മറ്റ് മുന്നണികളും പ്രവർത്തന രംഗത്ത് സജീവമായി തുടങ്ങി. സി.പി.ഐ സിറ്റിംഗ് എം.പി സി.എൻ. ജയദേവനെ മാറ്റി സ്ഥാനാർത്ഥിയായ രാജാജി മാത്യു തോമസ് പ്രചരണ രംഗത്ത് ആദ്യഘട്ടം പൂർത്തിയാക്കി. പൗരപ്രമുഖരെയും സാമുദായിക സംഘടനാ നേതാക്കളെയും സാംസ്‌കാരിക നായകരെയും സന്ദർശിച്ചു കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകൾ പതിച്ചും, ചുമരെഴുത്തും പകുതി ഘട്ടത്തിലെത്തി. കഴിഞ്ഞ തവണ മൂന്ന് സീറ്റും ഇടതുപക്ഷം കരസ്ഥമാക്കിയിരുന്നു..

ആലത്തൂർ


പി.കെ. ബിജു 4,11,808
കെ.എ. ഷീല 3,74,496
ഷാജുമോൻ വട്ടേക്കാട് 87,803
ഭൂരിപക്ഷം 37,312

ചാലക്കുടി


ഇന്നസെന്റ് 3,58,440
പി.സി. ചാക്കോ 3,44,556
ബി. ഗോപാലകൃഷ്ണൻ 92,848
ഭൂരിപക്ഷം 13,884

തൃശൂർ


സി.എൻ. ജയദേവൻ 3,89,209
കെ.പി. ധനപാലൻ 3,50,982
കെ.പി. ശ്രീശൻ 1,02,681
ഭൂരിപക്ഷം 38,227

രാഹുലെത്തി തുടക്കം കുറിക്കും

സ്ഥാനാർത്ഥികളെ സംബന്ധിച്ച് അണിയറ ചർച്ചകളും ഊഹാപോഹങ്ങളും മുറുകുന്നുണ്ടെങ്കിലും 14 ന് തൃപ്രയാറിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നതോടെ കോൺഗ്രസിന്റെ പ്രചരണത്തിന് ഔദ്യോഗിക തുടക്കമാകും. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ദേശീയ പ്രസിഡന്റായുള്ള അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാനാണ് രാഹുൽഗാന്ധി എത്തുന്നത്.

സീറ്റിനായി പിടിവലി നടക്കുന്ന തൃശൂർ മണ്ഡലത്തിൽ പ്രതാപൻ മത്സരിച്ചേക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയെ എത്തിച്ചുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് പറയുന്നു. വയസന്മാരും, വരത്തന്മാരും വേണ്ടെന്ന ആവശ്യത്തിൽ പ്രതാപനെ എതിർപ്പുണ്ടാവില്ലെങ്കിലും ഗ്രൂപ്പ് സ്ഥാനാർത്ഥി മോഹികളുടെ നീക്കം അനുകൂലമാകില്ല. യു.ഡി.എഫിൽ ചുമരുകൾ ബുക്ക് ചെയ്തിട്ടുള്ളതിൽ കരി ഉപയോഗിച്ച് ചിലയിടങ്ങളിൽ പ്രതാപന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. ചാലക്കുടിയിലും സംവരണ മണ്ഡലമായ ആലത്തൂരിലും നീണ്ട പട്ടികയാണ് സമർപ്പിച്ചിട്ടുള്ളത്.

കൺവെൻഷനുമായി ഇടത് മുന്നണി

നാളെ തൃശൂരിൽ ഇടതുമുന്നണിയുടെ ജില്ലയിലെ ആദ്യ പ്രചരണ കൺവെൻഷന് സി..പി..ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടക്കമിടും. തൃശൂർ ടൗൺഹാളിൽ രാവിലെ 10നാണ് കൺവെൻഷൻ. ആലത്തൂരിൽ പിറ്റേദിവസം മുഖ്യമന്ത്രിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക. ആലത്തൂരിൽ റോളക്‌സ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിനാണ് കൺവെൻഷൻ. ചാലക്കുടിയിൽ ഇതേദിവസം തന്നെ മന്ത്രി കെ.കൃഷ്ണൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും..

ബി.ജെ.പി കേന്ദ്രമന്ത്രിമാരെ ഇറക്കിത്തുടങ്ങി

ആലത്തൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന് ഉറപ്പായെങ്കിലും മറ്റ് മണ്ഡലങ്ങളിൽ അവ്യക്തത തുടരുന്നുണ്ട്. പക്ഷേ ബി.ജെ.പി പ്രചരണ രംഗത്ത് സജീവമാണ്. ജില്ലയുടെ രണ്ട് അറ്റത്ത് നിന്നാരംഭിച്ച പരിവർത്തന യാത്രകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം കുറിക്കലായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നിർവഹിച്ചത്. ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന യാത്രകൾ ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലൂടെയാണ് കടന്നു പോയത്. ജനുവരിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ആവേശവും നിലനിൽക്കുന്നുണ്ട്...