കൊടുങ്ങല്ലൂർ: ആധുനിക ചികിത്സാ രംഗത്ത് ഗുണനിലവാരത്തിൽ മികവ് പുലർത്തിയതിന് നഗരസഭയിലെ ആനാപ്പുഴ അർബർ പ്രാഥമികാരോഗ്യകേന്ദ്രത്തെ സംസ്ഥാനത്തെ മികച്ച അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രമായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തു. ഡോ. ആദർശ് പുളിക്കൽ മെഡിക്കൽ ഓഫീസർ ആയുള്ള ഈ ആരോഗ്യ കേന്ദ്രത്തിന്റെ ചികിത്സാ, പരിശോധനാ രംഗങ്ങളിലെ വിവിധ പ്രവർത്തനങ്ങളുടെ ഗുണമേന്മ വിലയിരുത്തിയാണ് ഈ അംഗീകാരം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി മനോജ് ജലാനി സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് അയച്ച കത്തിലാണ് ഇക്കാര്യത്തിൽ അഭിനന്ദനം അറിയിച്ചത്. ദേശീയ ആരോഗ്യ മിഷൻ നിയോഗിച്ച പാനലിലെ വിദഗ്ദ്ധർ ആശുപത്രി സന്ദർശിച്ചാണ് വിലയിരുത്തൽ നടത്തിയത്. ആനാപ്പുഴയിലെ ആരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ രണ്ട് ഡോക്ടർമാരും എല്ലാ ചൊവ്വാഴ്ചയും ഒരു ഇ.എൻ.ടി. സ്പെഷ്യലിസ്റ്റും ഉൾപ്പെടെ 16 ജീവനക്കാരാണുള്ളത്. മരുന്നുകളും പരിശോധനകളും സൗജന്യമാണ്. പ്രതിദിനം 200 ൽ പരം രോഗികളെത്തുന്നു. ജീവിത ശൈലി രോഗങ്ങൾക്കുള്ള ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എപ്പോഴും ഇവിടെ ലഭ്യമാണ്‌. മാള പൂവ്വത്തുശ്ശേരി പുളിക്കൽ കുടുംബാംഗവും മാള ഗുരുധർമ്മം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബുവിന്റെയും സീന ടീച്ചറുടെയും മകനുമാണ് മെഡിക്കൽ ഓഫീസർ ഡോ.ആദർശ്.

....................

സംസ്ഥാനത്തെ ആദ്യ അർബൻ ഹെൽത്ത് സെന്റർ

അംഗീകാരത്തിന് പിന്നിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, വാർഡ് കൗൺസിലർ ഷീല രാജ് കമൽ, മെഡിക്കൽ ഓഫീസർ ഡോ. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും നഗരസഭയുടെയും നേതൃത്വപരമായ ഇടപെടലുകളാണ്. ഈ രീതിയിൽ ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അർബൻ ഹെൽത്ത് സെന്ററാണിത്

നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ

............................

വിലയിരുത്തിയത് ഇവ

രോഗീ സൗഹൃദ അന്തരീക്ഷം

ശുചിത്വം

മരുന്നുകളുടെയും പരിശോധനകളുടെയും ലഭ്യത

രോഗ - പ്രതിരോധ പ്രവർത്തനം

രോഗികളുടെ സംതൃപ്തി

ജനറൽ ക്ളിനിക്

ഫാർമസി