തൃശൂർ : ന്യൂ ജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി ചാവക്കാട് പാലയൂർ സ്വദേശി നഹീമിനെ (22) തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സിന്തറ്റിക് മയക്കുമരുന്നുകൾ ആയ ഹാഷിഷ് ഓയിൽ 140 ഗ്രാം, എൽ. എസ്.ഡി സ്റ്റാമ്പുകൾ നാലെണ്ണം, എം.ഡി.എം.എ പിൽസ് മിഠായി 6 എണ്ണം, ബ്രൗൺഷുഗർ മൂന്ന് ഗ്രാം എന്നിവ പിടികൂടി. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു യുവാവിന്റെ കൈയിൽ നിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 10 ദിവസമായി തൃശൂർ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മുപ്പതോളം വിദ്യാർത്ഥികളെ പിടികൂടിയിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപ വീതവും, ഒരു എൽ.എസ്.ഡി ഫുൾ സ്റ്റാമ്പിന് 4000 രൂപ വീതവും, എം.ഡി.എം.എ മയക്കുമരുന്ന് മിഠായിക്ക് ഒന്നിന് 2500 രൂപ വീതവും, ഒരു ഗ്രാം ബ്രൗൺഷുഗർ 4500 രൂപ വീതവും ആണ് പ്രതി ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. മാസത്തിൽ രണ്ടുതവണയാണ് ഗോവയിൽ നിന്നും സിന്തറ്റിക് ഡ്രഗ്സുകൾ പ്രതി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത് . ഗോവയിൽ പോകുന്ന പ്രതി അവിടെയുള്ള അന്യ രാജ്യക്കാരായ മയക്കുമരുന്ന് ഇടപാടുകാരിൽ നിന്നാണ് മയക്കുമരുന്നുകൾ സംഘടിപ്പിച്ചിരുന്നത്. മൂന്നു ലക്ഷം രൂപയുടെ മയക്കുമരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം.എഫ്. സുരേഷ്, എക്‌സൈസ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ്, സനീഷ്, ദേവദാസ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്...