തൃശൂർ : പശ്ചിമഘട്ട സംരക്ഷണത്തിനായി സമർപ്പിച്ച റിപ്പോർട്ട് അപ്പാടെ തള്ളിയത് പ്രളയത്തിന് ഒരു കാരണമായെന്ന് മാധവ് ഗാഡ്ഗിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറ് സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിലെ സുപ്രധാന ഭാഗമാണ് പ്രകൃതി സംരക്ഷണവും നദീ സംരക്ഷണവും. ഇതെല്ലാം വിശദമായി പ്രതിപാദിപ്പിക്കുന്ന കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ മാഫിയയുടെ പ്രവർത്തനഫലമായി തഴയപ്പെട്ടു. റിപ്പോർട്ട് നിർദ്ദേശിച്ചിരുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കിയിരുന്നെങ്കിൽ പ്രളയവും മലയിടിച്ചിലുമെല്ലാം ഒരു പരിധി വരെ തടയാമായിരുന്നു.
പ്രളയാനന്തരമുള്ള സർക്കാരിന്റെ നവകേരള സൃഷ്ടി നടപ്പിലാക്കേണ്ടത് ഗ്രാമങ്ങളിലെ അടിസ്ഥാന വർഗജനങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങളുമെല്ലാം പരിഗണിച്ചാവണം. വ്യക്തി, സംഘടനാ ,രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രകൃതി സംരക്ഷണത്തിൽ മായം ചേർക്കുന്നത് വൻ ആപത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സലീം ഇന്ത്യ ഫൗണ്ടേഷൻ ഭാരവാഹി വി.എസ്. വിജയനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.