എരുമപ്പെട്ടി: എരുമപ്പെട്ടി മുട്ടിക്കൽ ചിറ പാലം അപകടാവസ്ഥയിൽ. പുതിയ പാലത്തിനും ചിറക്കും സർക്കാർ നാലുകോടി രൂപ അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥയിൽ ദുരിതമനുഭവിക്കുന്നത് വഴിയാത്രക്കാരും കർഷകരും. എരുമപ്പെട്ടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന വാഴാനി പുഴയുടെ മുട്ടിക്കൽ ചിറ പാലമാണ് കരിങ്കൽ തൂണുകൾ ദ്രവിച്ച് ജീർണ്ണാവസ്ഥയിലായിരിക്കുന്നത്.
കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പാലത്തിന്റെ കൈവരിപൂർണമായും തകർന്നും കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീണ് കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിലുമാണ്. പാലത്തിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ആറ്റത്ര, കുമ്പളങ്ങാട്, കോട്ടപ്പുറം എന്നീ പ്രദേശങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് മുട്ടിക്കൽ ചിറ പാലം. പാലത്തിനോടൊപ്പം ചിറയിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ദണ്ഡുകൾക്കും ഇളക്കം തട്ടി തകർന്നിട്ടുണ്ട്.
വേനലിൽ പ്രദേശത്തെ കർഷകരുടെയും നാട്ടുകാരുടേയും ഏക ആശ്രയമാണ് മുട്ടിക്കൽ ചിറ. ചീർപ്പുകൾ തകർന്നതോടെ കുടിവെള്ളത്തിനും ജലസേചനത്തിനുമായി പ്രദേശവാസികളും കർഷകരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്ന് വിട്ടാൽ സംരക്ഷണഭിത്തി തകർന്ന ചിറയിൽ വെള്ളം സംഭരിക്കാൻ കഴിയില്ല. ഇരുമ്പുദണ്ഡുകൾ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ വാഹനം ഇടിച്ചു തകർത്തതിനാലാണ് പുതിയ ചീർപ്പുകൾ ഇടാൻ കഴിയാത്തത്. ടാർപോളിൻ ഷീറ്റുപയോഗിച്ചും ചാക്കുകളിൽ മണ്ണ് നിറച്ച് വച്ചുമാണ് ഇതുവരെ ചിറയിലെ വെള്ളം കുറച്ചെങ്കിലും സംഭരിച്ചിരുന്നത്. ചിറയും പാലവും പുതുക്കി പണിയുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
..............................................
തകർന്ന് തരിപ്പണമായി
പാലത്തിന്റെ കൈവരിപൂർണമായും തകർന്നു
കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീണ് കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിൽ
ചിറയിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ദണ്ഡുകൾ ഇളക്കം തട്ടി തകർന്നു