esaf

തൃശൂർ: സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ടാണ് ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് ചുരുങ്ങിയ കാലത്തിനകം സമൂഹമനസിൽ ഇടംനേടിയതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇസാഫിന്റെ 27-ാം സ്ഥാപകദിനവും ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയ കാലയളവുകൊണ്ട് ജനോപകാര പ്രദമാകാൻ ഇസാഫ് ബാങ്കിന് കഴിഞ്ഞു. സാധാരണക്കാർക്കായി നിലകൊള്ളുന്നുവെന്നതാണ് ഇസാഫ് ബാങ്കും മറ്റ് ബാങ്കുകളും തമ്മിലുള്ള വ്യത്യാസം. പ്രളയകാലത്തെ പുനർനിർമാണത്തിന് അളവറ്റ സഹായമാണ് ഇസാഫ് സ്ഥാപകൻ കെ. പോൾ തോമസ് നൽകിയതെന്നും മന്ത്രി പറഞ്ഞു. ഹ്യുമനോയിഡ് റോബോട്ടായ ഐഡയുടെ പ്രവർത്തനവും മന്ത്രി ഉദ്ഘാടനം ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലായി 79 ബ്രാഞ്ചുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടന്നു.

പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട നൂറ് പേർക്ക് പുതിയ വീടുകൾ, റസലിയന്റ് കമ്മ്യൂണിറ്റി ഇൻഷ്വറൻസ് സ്‌കീം തുടങ്ങിയ ജനകീയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആദ്യ വീടിന്റെ രൂപരേഖ ഗുണഭോക്താവിന് കൈമാറി. ഇസാഫ് സ്‌കൂൾ ലോൺ, ഇസാഫ് വാഹന ലോൺ, കർഷകർക്കുള്ള ഇസാഫ് കൃഷക് ബന്ധു സേവിംഗ്‌സ് അക്കൗണ്ട്, ഇസാഫ് റസലിയന്റ് കമ്മ്യൂണിറ്റി ഇൻഷ്വറൻസ് സ്‌കീം സേവനങ്ങൾക്ക് മന്ത്രി രവീന്ദ്രനാഥ്, എം.എൽ.എമാരായ അഡ്വ. കെ. രാജൻ, അനിൽ അക്കര എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. ആറ് മികച്ച കാർഷികോത്പാദന കമ്പനികളെ ആദരിച്ചു.

വായ്‌പ വാങ്ങിയവരിൽ ഏറെയും പാവപ്പെട്ടവരാണെങ്കിലും ഇസാഫിൽ കിട്ടാക്കടം ഏറ്റവും കുറവാണെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു. ഇസാഫ് ബാങ്ക് ചെയർമാൻ ആർ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ.ജി. വർഗീസ് നന്ദി പറഞ്ഞു. കെ . പോൾ തോമസും മെറീന പോളും ചേർന്ന് കേക്ക് മുറിച്ചാമ് സ്ഥാപക ദിനാഘോഷത്തിന് തുടക്കമിട്ടത്. കെ. പോൾ തോമസ്, ഇസാഫ് സൊസൈറ്റി സഹസ്ഥാപകൻ ജേക്കബ് സാമുവൽ, ഇസാഫ് സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. ഇടിച്ചെറിയ നൈനാൻ എന്നിവർ സംസാരിച്ചു. സുവനീർ പ്രകാശനം ബാങ്ക് ചെയർമാൻ ആർ. പ്രഭക്ക് ആദ്യപ്രതി നൽകി ഇസാഫ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എലിസബത്ത് ജോൺ നിർവഹിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കെ. പോൾ തോമസ് നിർവഹിച്ചു. പത്തുവർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.