തൃശൂർ: നയരൂപീകരണ രംഗങ്ങളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൻ എം.സി ജോസഫൈൻ പറഞ്ഞു. പ്രഥമ ഇസാഫ് സ്ത്രീരത്‌ന അവാർഡ് ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് കരസ്ഥമാക്കിയ രാജ്യത്തെ ഏക വനിതാ മത്സ്യത്തൊഴിലാളിയായ രേഖ കാർത്തികേയന് സമ്മാനിക്കുകയായിരുന്നു അവർ. തൃശൂർ കോർപ്പറേഷൻ മേയർ അജിതാ വിജയൻ വനിതാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ പ്രളയത്തെ ഒറ്റക്കെട്ടായി നേരിടാൻ ഇസാഫിന്റെ കൈത്താങ്ങുണ്ടായത് ഏറ്റവും വലിയ കാര്യമാണെന്ന് മേയർ പറഞ്ഞു. ഇസാഫ് സഹസ്ഥാപകയും ഇസാഫ് കോ - ഓപ്പറേറ്റീവ് ചെയർമാനുമായ മെറീന പോൾ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് ആമുഖ പ്രഭാഷണം നടത്തി. തനിക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായപ്പോൾ താങ്ങായി നിന്നത് ഇസാഫും പ്രവർത്തകരുമാണെന്ന് രേഖാ കാർത്തികേയൻ പറഞ്ഞു. ഇസാഫ് ജീവനക്കാരിയായ ലക്ഷ്‌മിക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുക കെ. പോൾ തോമസ് കൈമാറി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി ജലീഷ് പീറ്റർ സ്വാഗതവും ഇസാഫ് കോ-ഓപ്പറേറ്റീവ് സി.ഇ.ഒ വി.എൽ. പോൾ നന്ദിയും പറഞ്ഞു.