gvr-vikasana-seminar-1
ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വികസന സെമിനാറിൽ മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തുന്നു

ഗുരുവായൂർ: കിഴക്കെനടയിലെ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകാത്തതിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് സി.എൻ. ജയദേവൻ എം.പി. ചേംബർ ഒഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയദേവൻ. സ്ഥലം ഏറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതിനാലാണ് പാലം യാഥാർത്ഥ്യമാകാതിരുന്നതെന്ന് എം.പി പറഞ്ഞു.

കൊടിമരം സ്വർണം പൂശാനല്ല, മനുഷ്യർക്ക് വേണ്ടിയാണ് ദേവസ്വത്തിന്റെ പണം വിനിയോഗിക്കേണ്ടതെന്നും എം.പി പറഞ്ഞു. ഗുരുവായൂർ നഗര വികസന പദ്ധതികൾ നടപ്പാക്കാൻ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. ഡെവലപ്‌മെന്റ് അതോറിറ്റിയെന്നതിനേക്കാൾ ഗുരുവായൂർ ഡെവലപ്‌മെന്റ് കോർപറേഷൻ എന്ന പേരാണ് സമിതിക്ക് നല്ലതെന്നും നിർദേശിച്ചു.

എന്നാൽ സെമിനാറിൽ സംസാരിച്ച സി.എൻ. ജയദേവൻ എം.പി, പ്രഭാഷണം നടത്തിയ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരെല്ലാം നഗരസഭയ്ക്കും ദേവസ്വത്തിനും പുറമെ മറ്റൊരു സമിതി വേണ്ടതില്ലെന്ന് വ്യക്തമാക്കി. ഡെവലപ്‌മെന്റ് അതോറിറ്റി സർക്കാരിന്റെ നയമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. സി.എൻ. ജയദേവനും പുതിയ കമ്മിറ്റിയോട് യോജിച്ചില്ല. ദേവസ്വത്തിനും നഗരസഭയ്ക്കും പുറമെ മൂന്നാമതൊരു ഏജൻസി വരുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. തടസം സൃഷ്ടിക്കാൻ ഒരു ഏജൻസി കൂടി വന്നിട്ട് കാര്യമില്ലെന്ന് കൊച്ചിൻ ഷിപ് യാർഡ് എം.ഡി മധു എസ്. നായർ പറഞ്ഞു. സി.എസ്.ആർ ഫണ്ടുകൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി. നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി, പ്രതിപക്ഷ നേതാവ് എ.പി. ബാബു, മുഹമ്മദ് യാസിൻ, രവി ചങ്കത്ത്, ആർ.വി. റാഫി എന്നിവർ സംസാരിച്ചു.