മാള: കതിരിട്ട നെൽച്ചെടികൾക്കൊപ്പം മനസും കരിഞ്ഞ കർഷകർ ഒരിറ്റു വെള്ളത്തിനായി ഒന്നര മാസം യാചിച്ചു, പക്ഷേ അധികൃതർ കേട്ട ഭാവം നടിച്ചില്ല. മാള പഞ്ചായത്തിലെ അഷ്ടമിച്ചിറ പാണ്ടിപ്പാടം, മാങ്കുഴിപ്പാടം പാടശേഖരത്തിലാണ് കർഷകരുടെ കണ്ണീർ നനവ് മാത്രം അവശേഷിക്കുന്നത്. കഴിഞ്ഞ ഒന്നര മാസമായുള്ള കർഷകരുടെ കണ്ണീരിന് വില കൽപ്പിച്ചിരുന്നെങ്കിൽ ഈ നെൽവയൽ വിളനിലമാകുമായിരുന്നു.
ഒരു ദിവസമെങ്കിലും വെള്ളം ലഭിച്ചിരുന്നെങ്കിൽ നെൽച്ചെടികൾ കതിരിൽ ഉണങ്ങുമായിരുന്നില്ല. പാതി മരിച്ച നെൽച്ചെടികൾ വയ്ക്കോലിന് പോലും ലഭിക്കാത്ത നിലയിലാണ്. പത്തേക്കർ വരുന്ന ഭാഗം പൂർണമായി കത്തിക്കരിഞ്ഞു. കട്ടകീറിയ വയലിൽ ചെടികൾ പാതികതിർ വന്ന നിലയിൽ ഉണങ്ങിനിൽക്കുന്ന കാഴ്ച വേദന പകരുന്നു.
പ്രളയത്തിൽ മുങ്ങിയ പാടശേഖരത്തിൽ വന്നുചേർന്ന വളക്കൂറുള്ള മണ്ണിൽ മികച്ച വളർച്ച നേടിയ നെൽച്ചെടികളാണ് കതിരിട്ട പ്രായത്തിൽ പൊലിഞ്ഞത്. തുമ്പൂർമുഴി വലതുകര കനാലിൽ ഇത്തവണയും പതിവുപോലെ വെള്ളം എത്തിയില്ല. ചില വർഷങ്ങളിൽ ഒന്നോ രണ്ടോ തവണ വെള്ളം വന്നാലായി എന്ന നിലയാണ്. ഈ കനാലിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ അഷ്ടമിച്ചിറ ഭാഗത്ത് ഔദ്യോഗിക ചാലുകളില്ല. മാസത്തിൽ രണ്ട് തവണയെങ്കിലും വെള്ളം തുറന്നുവിട്ടാൽ മതിയെന്നാണ് കർഷകരുടെ പക്ഷം.
സമ്പാളൂർ ജലസേചന പദ്ധതിയിൽ നിന്നുള്ള വെള്ളം ലഭിക്കുമെന്ന വിശ്വാസവും പ്രദേശത്തെ കർഷകരെ ചതിച്ചു. പുളിയിലക്കുന്നിലെ സ്റ്റേഷനിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം അഷ്ടമിച്ചിറയുടെ ഒരു ഭാഗത്ത് പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ട്. മാള ചാലിൽ അവസാനിക്കുന്ന തുമ്പൂർമുഴി വലതുകര കനാലിലൂടെ മാസത്തിൽ രണ്ടു തവണയെങ്കിലും വെള്ളം എത്തിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ വേനൽക്കാലത്തും പതിവ് ന്യായങ്ങൾ നിരത്തി അധികൃതർ കൈമലർത്തുമ്പോൾ കർഷകമനസ് വിളകൾക്കൊപ്പം കരിഞ്ഞുണങ്ങുകയാണ്.
പ്രളയത്തിൽ കയറിക്കിടന്ന വെള്ളം ഒഴിയാതിരുന്നപ്പോൾ വൈകിയേ കൃഷിയിറക്കാനായുള്ളൂ. അതിനാലാണ് വെള്ളമില്ലാത്ത അവസ്ഥയിൽ കൃഷി ഉണങ്ങുന്ന നില വന്നത്. ജലസേചന വകുപ്പ് വെള്ളം ലഭ്യമാക്കുമെന്ന് വിശ്വസിച്ചാണ് കൃഷിയിറക്കിയത്.
- പി.ആർ. പ്രതീഷ്, കർഷകൻ