innocent

തൃശൂർ: പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിനാൽ ഇത്തവണ ആശങ്ക വേണ്ടെന്ന് ഇന്നസെന്റ് എം.പി. സി.പി.എം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി മാളയിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു എം.പി. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ പാർട്ടി ചിഹ്നത്തിൽ അല്ലാതിരുന്നതിനാൽ പലരും രണ്ടാം കുടിയിലെ മകനായാണ് തന്നെ കണ്ടത്. ഇപ്പോൾ പേരിനൊപ്പം സഖാവ് കൂടി ചേർത്ത് വിളിക്കുമ്പോൾ സന്തോഷമുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച വനിതകളെ എം.പി ആദരിച്ചു.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.പി. സുമതി വനിതാ പാർലമെന്റ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.സി. ഭാനുമതി അദ്ധ്യക്ഷയായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.ആർ. വിജയ, കെ.ബി. മഹേശ്വരി, എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.