കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ചെറുഭരണി കൊടിയേറ്റ് ഇന്ന് നടക്കും. ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലൊന്നാണിത്. അവകാശികളായ കാവിൽ വീട്ടിലെ കാരണവരും അനന്തിരവനും ചേർന്ന് രാവിലെ ക്ഷേത്രാങ്കണത്തിൽ നടത്തുന്ന പട്ടും താലിയും സമർപ്പണത്തിന് പിറകെയാണ് ക്ഷേത്ര നടപ്പുരകളിലും ആൽത്തറകളിലും കൊടിക്കൂറകൾ ഉയർത്തിയുള്ല കൊടിയേറ്റ് നടക്കുക.

രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോണ് അവകാശികളായ കാവിൽ വീട്ടുകാർ താലി സമർപ്പണത്തിനായി ക്ഷേത്രാങ്കണത്തിലെത്തുക. ഈ സമയം പന്തീരടി പൂജ പൂർത്തീകരിച്ച് ക്ഷേത്ര നട അടച്ച്, പൂജാരമാർ ഉൾപ്പെടെയുള്ളവർ ക്ഷേത്രമര്യാദാ പരിധിക്കപ്പുറത്തേക്ക് മാറിയിരിക്കും. വിജനമായ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച്, വടക്കേനടയിലെ പ്രധാന ദീപസ്തംഭത്തിനോട് ചേർന്നുള്ള കോഴിക്കല്ലിൽ പട്ടും താലിയും സമർപ്പിച്ച് ഓരോ നടകളിലും തൊഴുതുകൊണ്ട് മൂന്ന് വട്ടം ക്ഷേത്രാങ്കണം വലം വയ്ക്കുന്നതോടെയാണ് താലി സമർപ്പണം പൂർത്തീകരിക്കുക. ഇതിന് പിറകെ, ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ക്ഷേത്രം പൂജാരിമാരെത്തി നട തുറക്കുന്നതോടെയാണ് അവകാശികളായ കുഡുംബി സമുദായാംഗങ്ങൾ കൊടിയേറ്റ് നിർവഹിക്കുക. നൂറ് കണക്കിന് ദേവീഭക്തർ ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ന് ക്ഷേത്രാങ്കണത്തിൽ എത്തും.

ചെറുഭരണി കൊടിയേറ്റുമായി ബന്ധപ്പെട്ടുള്ള അനുവാദം തേടലിനായി കാവിൽ വീട്ടിലെ കാരണവർ ഇന്നലെ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ സന്ദർശിച്ചു. അനുമതി വിളംബരം ചെയ്യുന്ന പവിഴമാലയുടെ കൈമാറ്റവും ഇതിനൊപ്പം നടന്നു.