kuthir
വേലൂർ ദേശക്കുതിര എഴുന്നെള്ളിപ്പ്

എരുമപ്പെട്ടി: വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവ് കുതിരവേലയ്ക്ക് തുടക്കമായി. ഇന്നലെ വേലൂർ ദേശക്കുതിരയ്ക്ക് തല കൊളുത്തിയതോടെയാണ് മൂന്ന് ദിന രാത്രങ്ങളിൽ നാദവർണ്ണ വിസ്മയം പെയ്തിറങ്ങുന്ന കുതിരവേലയ്ക്ക്‌ ആരംഭമായത്. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം ഇന്നലെ വൈകിട്ട് വടക്കുമുറി കുതിരപ്പറമ്പിൽ നിന്നും വേലൂർ ദേശക്കുതിര എഴുന്നള്ളിപ്പ് ആരംഭിച്ചു. ഇതോടൊപ്പം അയ്യപ്പൻകാവ് കുതിരയും, അമ്പലത്തിരി കുതിരയും, കുട്ടിക്കുതിരകളും അശ്വതി വേലയിൽ കാവ് കയറി. വേലുപ്പറമ്പിൽ അയ്യപ്പന്റെ നേതൃത്വത്തിൽ കാളി, മൂക്കാൻ ചാത്തൻ അടങ്ങിയ അവകാശ വേലയും ദേശക്കുതിരയെ അനുഗമിച്ച് ക്ഷേത്രത്തിലെത്തി. മേളം, ശിങ്കാരിമേളം, പൂക്കാവടി എന്നിവ കുതിര വരവിന് അകമ്പടിയായി. ഇന്ന് നടക്കുന്ന ഭരണി വേലയിൽ തയ്യൂർ, തണ്ടിലം, ആർ.എം.എസ് നഗർ, എരുമപ്പെട്ടി, പാത്രാമംഗലം, പഴവൂർ ദേശക്കുതിരകളും , വേലൂർ ഹഷ്മി, ഐമു നഗർ, പഞ്ചമി നഗർ, കാഞ്ഞിരാൽ, മൈത്രി നഗർ, കുറുമാൽ ശാന്തി നഗർ തുടങ്ങിയ സമുദായക്കുതിരകളും കുട്ടിക്കുതിരകളും ക്ഷേത്രത്തിലെത്തും. സന്ധ്യക്ക്‌ വേലയുടെ പ്രധാന ആകർഷണമായ അരിത്താലത്തിന് തിരികൊളുത്തും. തുടർന്ന് അരിപ്പറ സമർപ്പിക്കും. രാത്രി 10ന് അരിപ്പറ മേളം ആരംഭിക്കും. നാളെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെ ഈ വർഷത്തെ കുതിര വേലയ്ക്ക് സമാപനമാകും.