തൃശൂർ: അക്രമരാഷ്ട്രീയവും മതേതരത്വത്തിന് നേരെ ഉയരുന്ന വെല്ലുവിളികളുമാണ് പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഡിജിറ്റൽ സെൽ മദ്ധ്യമേഖലാ ശില്പശാല ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ മാത്രം ആശ്രയിച്ച് രാഷ്ട്രീയപാർട്ടികൾക്ക് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാവില്ല.

ഡിജിറ്റൽ പ്രചരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഐ.ടി സെല്ലിന്റെ പ്രവർത്തനം ഊർജ്ജിതമാക്കിയത്. കോൺഗ്രസിന് ദോഷകരമായ രീതിയിൽ സോഷ്യൽമീഡിയ പ്രവർത്തനം നടത്തരുതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. എതിർപാർട്ടികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അവരെ ചെളിവാരിയെറിയാതെ വസ്തുതകൾ വെച്ച് മറുപടി നൽകണം. നിഷ്പക്ഷരായ വോട്ടർമാരെ സ്വാധീനിക്കുകയാണ് പ്രധാനഘടകം. 70-80 ശതമാനം വരെ വോട്ടമാരും ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുകയെന്നത് വ്യക്തമാണ്. ബാക്കിയുള്ള 30 ശതമാനം വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കേണ്ടത്. യുവതലമുറ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുകയെന്ന് പറയാനാവില്ല. ഐ.ടി സെൽ കൺവീനർ അനിൽ ആന്റണി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് എം.പി, എം.എൽ.എമാരായ അനിൽ അക്കര, അൻവർ സാദത്ത്, റോജി ജോൺ, മുൻ മന്ത്രി കെ.പി വിശ്വനാഥൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഒ. അബ്ദുറഹിമാൻകുട്ടി, പി.എ മാധവൻ, കെ.പി.സി.സി സെക്രട്ടറി എൻ.കെ സുധീർ, ഐ.ടി സെൽ ജില്ലാ ചെയർമാൻ വിജയ് ഹരി എന്നിവർ സംസാരിച്ചു.