മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭ ഭരണി മഹോത്സവം ഭക്തിനിർഭരമായി. ഭരണി മഹോത്സവ ദിനമായ ഇന്നലെ രാവിലെ ക്ഷേത്രം വക ആറാട്ട് കുളത്തിലേക്ക് ആറാട്ട് എഴുന്നള്ളിപ്പും ആറാട്ടും തിരിച്ചെഴുന്നള്ളിപ്പും നടന്നു. ആറാട്ട് ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എം.എൻ. നന്ദകുമാർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ട്, താലിസ്വീകരണം, ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലി, താലിസ്വീകരണം എന്നിവ നടന്നു. വൈകീട്ട് പ്രസാദ ഊട്ട്, ഗുരുതി തർപ്പണം എന്നിവ നടന്നു. രാത്രി വെണ്ണൂർ - ആലത്തൂർ ജനകീയ താലാഘോഷ സംഘം, ചക്കാംപറമ്പ് വടക്കുംഭാഗം ജനകീയ താലാഘോഷ സംഘം, ചക്കാംപറമ്പ് പടിഞ്ഞാറ് ഭാഗം താലാഘോഷ സംഘം എന്നീ ദേശക്കാരുടെ താലി സ്വീകരണം, പുലർച്ചെ നനദുർഗ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, പൂജ, പന്തീരാഴി, ഗുരുതി തർപ്പണം, കൊടിയിറക്കൽ എന്നിവയോടെ പ്രസിദ്ധമായ കുംഭഭരണി ആഘോഷം സമാപിച്ചു. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ചടങ്ങായ നടതുറപ്പ് ഉത്സവം മാർച്ച് 18 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് ആചാരപ്രകാരമുള്ള ചക്രം കല്ലിലുള്ള കാവും കളവും കലം പൂജയും തെണ്ട് വഴിപാട് സമർപ്പണവും നടക്കും.