തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ നടക്കും. മകീര്യം പുറപ്പാടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മാനേജർ ജയകുമാർ പറഞ്ഞു. പകൽ 2.30നും 3.30നും ഇടയിലാണ് ചടങ്ങ്. ഊരായ്മക്കാർ കുളിച്ച് ക്ഷേത്ര മണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാൻ അനുവാദം നല്കുന്നു.
തുടർന്ന് തൃക്കോൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ശേഷം ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് ഭഗവാൻ സേതുകുളത്തിൽ ആറാട്ടിന് പുറപ്പെടും. അഞ്ച് ആനകളോടെ സ്വർണ്ണക്കോലത്തിലാണ് തേവരെ എഴുന്നള്ളിക്കുക. ആറാട്ടിന് ശേഷം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും. മറ്റു പൂജകൾക്ക് ശേഷം പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്രം ചുറ്റമ്പലത്തിനകത്തെ തീർത്ഥകിണറ്റിൻ കരയിൽ ചെമ്പിലാറാട്ട്. തുടർന്ന് അത്താഴപൂജ, അത്താഴ ശീവേലി..