തൃശൂർ : ഏകീകൃത ആരോഗ്യ സംരക്ഷണ വിവര ശേഖരണത്തിന്റെ ഭാഗമായുള്ള ഇ ഹെൽത്ത് പദ്ധതിയുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് രോഗി സൗഹൃദ പരിസരം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം പദ്ധതിയുടെയും പ്രവർത്തനത്തിന് വേഗം കുറയുന്നു. തുടങ്ങി നാളെറേയായിട്ടും ഇ ഹെൽത്ത് പദ്ധതി പ്രാഥമികഘട്ടം കടക്കാൻ ഇനിയും മാസങ്ങളെടുത്തേക്കും. ഓരോ വീട്ടിലുമെത്തി അംഗങ്ങളുടെ വിവര ശേഖരണവും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനവും പാതിവഴിയിലാണ്. വിവര ശേഖരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ടാബ് നൽകിയെങ്കിലും ഇതിനോടകം 63 ശതമാനം മാത്രമാണ് പൂർത്തിയായത്. എടുത്ത രേഖകൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാകാത്തതാണ് പ്രധാന തടസമായി ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടന്നതോടെ പ്രവർത്തനം പൂർത്തിയാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും. നേരത്തെ ഉണ്ടായിരുന്ന സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പ്രവർത്തനത്തിന്റെ വേഗം കുറഞ്ഞതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
നൽകിയത് 800 ടാബുകൾ
വീടുകളിലെത്തി ഓരോ അംഗത്തിന്റെയും വിവരം ശേഖരിക്കുന്നതിനും ആധാറുമായി ബന്ധപ്പെടുത്തുന്നതിനുമായി 800 ടാബുകളാണ് ഇതിനോടകം ഉദ്യോഗസ്ഥർക്ക് നൽകിയത്. ഓരോ അമ്പത് വീടുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിച്ചാണ് അംഗങ്ങളുടെ പേരുകൾ ആധാർ വഴി ബന്ധിപ്പിച്ചത്.
48 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി
ആർദ്രം മിഷൻ പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഈ വർഷം 48 സ്ഥാപനങ്ങളെ കൂടി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പ്രവർത്തന പഥത്തിലെത്താൻ ഇനിയും വൈകിയേക്കും. കഴിഞ്ഞ വർഷം ജില്ലയിൽ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. എന്നാൽ ഇതിൽ തന്നെ മുഴുവൻ സ്ഥലത്തും വേണ്ടത്ര ജീവനക്കാരെ നിയമിക്കാനായില്ല. ഇത്തരം കേന്ദ്രങ്ങളിൽ പഞ്ചായത്തുകളാണ് ആവശ്യമുള്ള ഡോക്ടർമാരിൽ ഒരാളെ നിയമിക്കേണ്ടത്. എന്നാൽ ഇവർക്ക് അതിനാവശ്യമായ പദ്ധതിയില്ലാത്തത് തടസമാകുന്നുണ്ട്.
ലഭിക്കുന്ന സേവനങ്ങൾ
തിരക്ക് കുറയ്ക്കുവാൻ കഴിയുന്ന രീതിയിൽ അധിക ഒ.പി കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിംഗ് കൗണ്ടർ, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യം, സൈനേജുകൾ, ഡിസ്‌പ്ലേ ബോർഡുകൾ, ആരോഗ്യ ബോധവത്കരണ സംവിധാനങ്ങൾ, രോഗീപരിചരണ സഹായികൾ, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാ മുറികൾ, മാർഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകൾ, ആവശ്യത്തിനുള്ള ഡോക്ടർമാരുടെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക് ലഭ്യമാക്കുന്നത്..