കയ്പ്പമംഗലം: ദേശീയപാതയിൽ ആനയിടഞ്ഞ് ഗതാഗതം തടസ്സപെട്ടു. ദേശീയ പാത 66 ചെന്ത്രാപ്പിന്നി 17-ാം കല്ലിന് വടക്കുവശത്ത് പാലപെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല കഴിഞ്ഞ മടങ്ങിയ ഏറ്റുമാനൂർ കുട്ടി ശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ പാപ്പാൻമാർ കയറ്റുന്നതിനിടയിലാണ് ആന ഇടഞ്ഞത്. അടുത്തുണ്ടായിരുന്ന സൈക്കിൾ എടുത്തെറിയുകയും ലോറി കുത്തിയിളക്കുകയും ചെയ്തു. തളക്കുവാനുള്ള പാപ്പാൻമാരുടെ ശ്രമം വിഫലമായതോടെ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. എലിഫന്റ് സ്‌ക്വാഡ് എത്തി ഒരു മണിക്കുറോളം പണിപെട്ടാണ് ക്യാപ്ച്ചർ ബെൽട്ട് ഇട്ട് ആനയെ തളച്ചത്. അതിന് ശേഷം ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോയി. കയ്പ്പമംഗലം എസ്.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു.