തൃശൂർ : അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാഷണൽ ഫിഷർമെൻ പാർലമെന്റ് 14ന് തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 543 പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ ഫിഷർമെൻ മാനിഫെസ്റ്റോ മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിക്ക് നൽകും. മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങൾ പാർലമെന്റ് ചർച്ച ചെയ്യും. കേരളത്തിലെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടെ മൂവായിരത്തോളം പേർ പാർലമെന്റിൽ പങ്കെടുക്കും. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആസ്റ്റിൻ ഗോമസ്, വൈസ് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.