മരണകാരണം ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ചതിനാലാണെന്ന് നിഗമനം
തൃശൂർ: അടച്ചുപൂട്ടിയ കടയ്ക്കുള്ളിൽ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് അവശരായ സ്ഥാപന ഉടമയെയും ജീവനക്കാരിയെയും മരിച്ച നിലയിൽ കണ്ടെത്തി. ശക്തൻ സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ റോയൽ ഡെന്റൽ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറെ കുഴിക്കണ്ടത്തിൽ ബിനു ജോയ് (32), ജീവനക്കാരി ഗോവ വെരം ബോർഡ്സിൽ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാർബൺ മോണോക്സൈഡിന്റെ അംശം ശ്വാസനാളത്തിൽ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോേർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ.
കറന്റ് ഇല്ലാത്തതിനെ തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇതിൽ നിന്നുള്ള പുക ശ്വസിച്ചാൽ ശ്വാസ തടസം ഉണ്ടായി അബോധാവസ്ഥയിലാകും. ഇരുവരും അബോധാവസ്ഥയിൽ ആയിരുന്നതിനാലാകാം രക്ഷപ്പെടാനാകാതിരുന്നതെന്ന് കരുതുന്നു. സ്ഥാപനം അകത്ത് നിന്നും പൂട്ടിയിരുന്നു. ഫാനും പ്രവർത്തിപ്പിച്ചിരുന്നു. ഷമീന കോംപ്ലക്‌സിലെ ഒന്നാം നിലയിലായിരുന്നു ഈ സ്ഥാപനം. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയവരാണ് ഇവരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ഇരുവരും സ്ഥാപനത്തിൽ എത്തിയിരുന്നതായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ പറഞ്ഞു. ബിനുവിന്റെ കാർ കെട്ടിടത്തിന് താഴെ നിറുത്തിയിട്ടിരുന്നു. ഞായറാഴ്ച രാത്രി ഏഴരയ്ക്കു ശേഷവും എത്താത്തതിനെ തുടർന്ന് പൂജ താമസിക്കുന്ന അയ്യന്തോളിലെ ഹോസ്റ്റലിന്റെ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച നടക്കും. ഷെൽമയാണ് ബിനു ജോയിയുടെ ഭാര്യ. അച്ഛൻ ജോയ്. അമ്മ സെലീന. കേരള ഡെന്റൽ ലാബ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ബിനു. പൂജയുടെ പോസ്റ്റ്മാർട്ടം ഗോവയിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മാത്രമേ നടത്തൂ. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഡെന്റൽ ഉപകരണങ്ങളും പല്ലും മറ്റും നിർമ്മിക്കുന്ന സ്ഥാപനം അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര, എ.സി.പി. വി.കെ. രാജു, നെടുപുഴ പൊലീസ് ഫോാറൻസിക് വിദഗ്ദ്ധർ, സയന്റിഫിക് അസിസ്റ്റന്റ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി.