kanam-rajendran

തൃശൂർ: വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരേ സ്വരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്നു പറഞ്ഞ കോൺഗ്രസും യു.ഡി.എഫും ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങിയ ബി.ജെ.പിയോടൊപ്പമായിരുന്നു.കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമേ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കഴിയൂ എന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചിരുന്നു. ആർ.എസ്.എസ് ആവശ്യപ്പെടുന്നതും ഇതു തന്നെയാണ്. കോൺഗ്രസും ബി.ജെ.പിയും ഹിന്ദു വർഗീയതയിൽ ഒരേ നയമാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവാണിത്. യുദ്ധം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ശബരിമലയോ സുപ്രീം കോടതി വിധിയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയ നിലയ്ക്ക് ബി.ജെ.പി എന്തു പറഞ്ഞ് വോട്ട് ചോദിക്കുമെന്ന് കണ്ടറിയണമെന്നും കാനം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.എൻ ജയദേവൻ എം.പി, മന്ത്രിമാരായ വി.എസ് സുനിൽകുമാർ, സി. രവീന്ദ്രനാഥ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ, കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ.പി രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജൻ, കെ. രാജൻ എം.എൽ.എ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.പി പോളി തുടങ്ങിയവർ പങ്കെടുത്തു.