പാവറട്ടി: ജനിക്കുമ്പോൾ തന്നെ ജന്മവാസനയായി കല രൂപപ്പെടുന്നു. അതിനാൽ ജീവിതമാണ് കലയുടെ ജന്മഭാഷയെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. പെരുവല്ലൂർ ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു കാനായി. ജനിച്ചിട്ട് ആറാം മാസം മുതൽ കുട്ടികളിൽ കല വളരുന്നു. പഠനത്തോടൊപ്പം കലയും വളർത്തണം. കല വളർത്തിയാൽ സംസ്‌കാരം വളരുമെന്നും കാനായി അഭിപ്രായപ്പെട്ടു.
3000 കോടി രൂപ ചെലവു ചെയ്ത് സർദാർ വല്ലഭായി പട്ടേലിന്റ ശിൽപ്പമല്ല ഇന്ത്യക്ക് വേണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഗാന്ധിജിയുടെ ശിലയാണ് ഇന്ത്യയിൽ വരേണ്ടത്. കുട്ടികളുടെ ചോദ്യത്തിനുത്തരമായി കാനായി പറഞ്ഞു. മലമ്പുഴ ഗാർഡനിൽ കാനായി ചെയ്ത 'യക്ഷി' ശിൽപ്പത്തിന്റെ അമ്പതാം വർഷ ആഘോഷം കഴിഞ്ഞ് ഗുരുവായൂർ ദർശനത്തിനെത്തിയതായിരുന്നു കാനായി.
പെരുവല്ലൂർ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ചുമർചിത്രകലാ കാരനുമായ എം. നളിൻ ബാബുവാണ് കാനായിയെ സ്‌കൂളിൽ കൊണ്ടുവന്നത്. ഹെഡ്മാസ്റ്റർ സി.ടി. ജാൻസി മാസ്റ്റർ കാനായിയെ പൊന്നാട നൽകി ആദരിച്ചു. ചുമർചിത്രകലാകാരൻ എം. നളിൻ ബാബു, മിനി ടീച്ചർ എന്നിവർ സംസാരിച്ചു.
കാപ്:
പ്രസിദ്ധ ശിൽപ്പി കാനായി കുഞ്ഞിരാമൻ പെരുവല്ലൂർ ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. ചുമർചിത്രകലാകാരൻ എം. നളിൻ ബാബു സമീപം.