തൃശൂർ: അന്താരാഷ്ട്ര ഗ്ലോക്കോമ വാരാഘോഷത്തോട് അനുബന്ധിച്ച് ദി അസോസിയേഷൻ ഒഫ് ശാലാകി കേരള ചാപ്‌റ്റർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്‌ക്രീനിംഗ് ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയിലും വെള്ളിയാഴ്ച രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലും സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും നടക്കും.
എൻ.എ.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ശ്രീവത്സ്, ഡോ. പി.കെ. നേത്രദാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടക്കുന്നത്. സാവധാനം കാഴ്ച കവരുന്ന രോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളിലെ സമ്മർദ്ദം വർദ്ധിച്ച് ഉണ്ടാകുന്ന ഇൗ രോഗം നാഡീവ്യൂഹത്തെ ബാധിക്കുകയും കാഴ്ച ക്രമേണ നശിക്കുകയും ചെയ്യും. മുൻകൂട്ടി കണ്ടു പിടിക്കുക എന്നതാണ് ഗ്ലോക്കോമ ചികിത്സയിലെ പ്രധാന കാര്യം. ഈ ലക്ഷ്യം മുൻനിറുത്തിയാണ് ആയുർവേദത്തിലൂടെ രോഗപ്രതിരോധത്തിന് ഒരുങ്ങുന്നത്.
40 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരും നിർബന്ധമായും കണ്ണിലെ പ്രഷർ പരിശോധിക്കുകയും ഗ്ലോക്കോമ ബാധിതർ അല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഗ്ളോക്കോമ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും കാഴ്ച സംരക്ഷിക്കാനും ആയുർവേദ ചികിത്സയിലൂടെ സാധിക്കും.
- ഡോ. എസ്. ഷിബു, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ