വേലൂർ മണിമലർക്കാവിലെ കുതിരവേലയുടെ കൂട്ടിയെഴുന്നെള്ളിപ്പിനായി കുതിരകൾ അണിനിരന്നപ്പോൾ.
എരുമപ്പെട്ടി: മൂന്നു ദിനരാത്രങ്ങൾ നാദ വർണ്ണങ്ങൾ പെയ്തിറങ്ങിയ വേലൂർ മണിമലർക്കാവ് കുതിരവേല സമാപിച്ചു. മേളത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പിൽ തിരിക്കുതിരകളും കെട്ടുകുതിരകളും പെട്ടി കുതിരകളും ഫൈബർ കുതിരകളും ഉൾപ്പടെ പതിനാറ് കുതിരകൾ അണിനിരന്നു. കൽപ്പന കേട്ട് ക്ഷേത്രം വലംവെച്ച് തട്ടകത്തമ്മയോട് ഉപചാരം ചൊല്ലി കുതിരകൾ ദേശങ്ങളിലേക്ക് മടങ്ങിയതോടെയാണ് മണിമലർക്കാവ് കുതിരവേലക്ക് സമാപനമായത്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. മേൽശാന്തി വൈകുണ്ഡം നാരായണൻ നമ്പൂതിരി സഹകാർമ്മികനായി. ഉത്സവാഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റി ശിവദാസൻ പെരുവഴിക്കാട്ട്, പ്രസിഡന്റ് ആലത്ത് ബാലകൃഷ്ണൻ, സെക്രട്ടറി ശിവദാസൻ വടുതല, ജനറൽ കൺവീനർ സുജീഷ് കരുവാത്തോട്ടിൽ എന്നിവർ നേതൃത്വം നൽകി.