തൃപ്രയാർ: തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30നും 3.30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിലാണ് ചടങ്ങ്. ഈ വർഷത്തെ പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെയുള്ള എല്ലാ ചടങ്ങുകളും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളോടും പ്രൗഢിയോടും കൂടി നടത്തുമെന്ന് ദേവസ്വം മാനേജർ ജയകുമാർ അറിയിച്ചു. ഇന്ന് രാവിലെ എട്ടിന് അമ്മമാരുടെ താലം, വാദ്യമേളം എന്നിവയോടെ തേവരുടെ പ്രസിദ്ധമായ പള്ളിയോടം നീറ്റിലിറക്കും. കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർ പങ്കെടുക്കും. 9.30 മുതൽ അന്നദാനം ആരംഭിക്കും. ഉച്ചതിരിഞ്ഞ് നാല് വരെ അന്നദാനം തുടരും. ചടങ്ങിനെത്തുന്ന ഭക്തർക്ക് കുടിവെള്ളം നൽകാനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. സി.സി.ടി.വി, പൊലീസ്, വളണ്ടിയർ, ആംബുലൻസ് സേവനവും ലഭ്യമാണ്. കൂടാതെ തേവരെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന സമയം യാതൊരു കാരണവശാലും കോലത്തിലേക്ക് നാണയങ്ങൾ വലിച്ചെറിയരുതെന്ന് ദേവസ്വം മാനേജർ ആവശ്യപ്പെട്ടു.