ഗുരുവായൂർ: തൃശൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഗുരുവായൂർ മണ്ഡലത്തിൽ ഒന്നാം ഘട്ട പര്യടനം നടത്തി. സാമുദായിക സംഘടന നേതാക്കളെയും സ്ഥാപന മേധാവികളെയും പൗരപ്രമുഖരെയുമാണ് ആദ്യഘട്ടത്തിൽ നേരിൽ കണ്ടത്. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ആദ്യം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച് പര്യടനത്തിന് തുടക്കമിട്ടു.
ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി, ഗുരുവായൂർ മസ്ജിദ്, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ തൊഴിയൂരിലെ ആസ്ഥാനം, തൊഴിയൂർ ദാറുൽ ഹുദാ, എൽ.എഫ് കോളേജ്, കോട്ടപ്പടി, കാവീട് കത്തോലിക്കാ പള്ളികൾ എന്നിവിടങ്ങിൽ സന്ദർശനം നടത്തി. നഗരസഭാ മുൻ ചെയർപേഴ്സൺ പ്രൊഫ. പി.കെ. ശാന്തകുമാരിയെയും സന്ദർശിച്ചു. തുടർന്ന് പാലയൂർ ഫൊറോന ദേവാലയത്തിലെ റെക്ടർ ഫാ. വർഗീസ് കരിത്തേരിയെ സന്ദർശിച്ച് സഹകരണം അഭ്യർത്ഥിച്ചു. പാലയൂർ മഠം, മണത്തല പള്ളി, മമ്മിയൂർ എൽഎഫ് സ്‌കൂൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തിയ ശേഷമാണ് ഗുരുവായൂർ മണ്ഡലത്തിലെ ആദ്യഘട്ടം പര്യടനം പൂർത്തിയാക്കിയത്.
സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ. സുധീരൻ, എൽ.ഡി.എഫ് കൺവീനർ സെയ്താലിക്കുട്ടി, സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, ഗുരുവായൂർ നഗരസഭാ മുൻ ചെയർമാൻ ടി.ടി ശിവദാസ്, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി സി.വി. ശ്രീനിവാസൻ, ജനതാദൾ നേതാവ് ലാസർ പേരകം തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.