തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് തുടക്കമാകും. ജില്ലയിൽ 36,630 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ചാവക്കാട് - 15018, ഇരിങ്ങാലക്കുട - 10879, തൃശൂർ - 10733 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകൾ തിരിച്ചുള്ള കണക്ക്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് എരുമപ്പെട്ടി ഗവ. സ്‌കൂളിലാണ് 623 കുട്ടികൾ. 10 കുട്ടികൾ വീതം പരീക്ഷ എഴുതുന്ന ചാവക്കാട് ജി.ആർ.എസ്.ടി.എച്ച്.എസ്, കണിമംഗലം എസ്.എൻ.ജി.എച്ച്.എസ് എന്നീ സ്‌കൂളുകളിലാണ് കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. പതിവിൽ കവിഞ്ഞ ചൂടു കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമുകളിലും മറ്റും പ്രത്യേക കുടിവെള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. 28 വരെയാണ് പരീക്ഷ.