തൃശൂർ : ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് നാടൊരുങ്ങി. ഇന്നി ഒരാഴ്ചയിലേറെക്കാലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മേളപെരുക്കവും ആനച്ചൂരും ആചാരനുഷ്ഠാനങ്ങളും കൊണ്ടും ഒരോ നാട്ടിടവഴികളും സമ്പന്നമാകുന്ന നാളുകൾ. മുപ്പത്തി മുക്കോടി ദേവകളുടെയും യക്ഷികിന്നര ഗന്ധർവാദികളും സപ്തർഷികളുടെയും ആത്മീയ സാന്നിദ്ധ്യമുണ്ടാക്കുന്ന പൂരത്തിന്റെ ആതിഥേയൻ ആറാട്ടുപുഴ ശാസ്താവാണ്. 19നാണ് 1437പൂരം ആഘോഷിക്കുന്നത്. 24 ദേവി ദേവൻമാരാണ് ദേവമേളയിൽ പങ്കെടുക്കുന്നത്. ക്ഷേത്രത്തിൽ 13ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി കപ്‌ളിങ്ങാട്ട് കൃഷ്ണൻ നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർ മേക്കാട്ട് ജയൻ നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.

നെടുനായകത്വം തൃപ്രയാർ തേവർക്ക്
മുപ്പത്തി മുക്കോടി ദേവകൾ സംഗമിക്കുന്ന ആറാട്ടുപുഴ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്നത് തൃപ്രയാർ തേവരാണ്. മകയീര്യം പുറപ്പാട് മുതൽ ഗ്രാമപ്രദക്ഷിണം നടത്തി പൂരദിവസം ചോതി നക്ഷത്രം ഉച്ചസ്ഥാനാകുമ്പോഴാണ് ദേവമേളയിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതിന് തേവർ കൈതവളപ്പിൽ എത്തുന്നത്. 20ന് പുലർച്ചെയാണ് വൈകുണ്ഠ ദർശനമെന്ന് വിശേഷിപ്പിക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്. ഈ സമയം ഇടതുഭാഗത്ത് ചാത്തക്കുടം ശാസ്താവും ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കും.

പെരുവനം പൂരം
ആറാട്ടു പുഴ പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതാണ് പെരുവനം പൂരമെന്നാണ് ഐതിഹ്യം. പൂരത്തിന് അതിനായകത്വം വഹിക്കുന്ന തേവരെ വരവേൽക്കുന്നതിന്റെ ഭാഗമായി ദേവി ദേവൻമാർ പെരുവനം ക്ഷേത്രത്തിലെത്തുന്നു. ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുന്ന ദേവിദേവൻമാരിൽ ആറാട്ടുപുഴ ശാസ്താവാടക്കം 18 പേർ പങ്കെടുക്കും.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളില്ല
പൂരത്തിന്റെ ഭാഗമായി 20 പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 70 ആനകൾ അണിനിരക്കും. നാട്ടാന പരിപാലന ചട്ടം പാലിച്ച് കൊണ്ടായിരിക്കും എഴുന്നള്ളിപ്പുകൾ നടക്കുക. ആചാരാനുഷ്ഠാനങ്ങൾ ഏറെയുള്ള ഇവിടെ മറ്റ് നിബന്ധനകൾ ഇല്ല.
- അഡ്വ. കെ. സുജേഷ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്

വെടിക്കെട്ടിന് അനുമതി
പൂരത്തോടനുബന്ധിച്ചുള്ള ആചാരപരമായ വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി ഉപദേശക സമിതി ഭാരാവാഹികൾ പറഞ്ഞു. കൊടിയേറ്റ ദിവസമായ ഇന്നും തറയ്ക്കൽ പൂരമായ 19നും 20 നും പുലർച്ചെയുമാണ് വെടിക്കെട്ട് നടക്കുക.


പങ്കെടുക്കുന്ന ദേവീ ദേവൻമാർ


ആറാട്ടുപുഴ ശാസ്താവ്
തൃപ്രയാർ തേവർ
ഊരകത്തമ്മ തിരുവടി
ചേർപ്പ് ഭഗവതി
ചാത്തക്കുടത്ത് ശാസ്താവ്
തിരുവുള്ളക്കാവ് ശാസ്താവ്
അന്തിക്കാട് ഭഗവതി
തൊട്ടിപ്പാൾ ഭഗവതി
പിഷാരിക്കൽ ഭഗവതി
എടക്കുന്നി ഭഗവതി
അയ്യക്കുന്നിൽ ഭഗവതി
തൈക്കാട്ടുശേരി ഭഗവതി
പൂനിലാർക്കാവ് ഭഗവതി
കടുപ്പശേരി ഭഗവതി
ചൂരക്കോട് ഭഗവതി
ചാലക്കുടി പിഷാരിക്കൽ ഭഗവതി
ചക്കംകുളങ്ങര ശാസ്താവ്
കോടന്നൂർ ശാസ്താവ്
നാങ്കുളം ശാസ്താവ്
ശ്രീമാട്ടിൽ ഭഗവതി
നെട്ടിശേരി ഭഗവതി
കല്ലേലി ശാസ്താവ്
ചിറ്റിച്ചാത്തക്കുടം ശാസ്താവ്
മേടംകുളം ശാസ്താവ്‌