തൃപ്രയാർ: തൃപ്രയാർ തേവരെ വരവേൽക്കാൻ നാടൊരുങ്ങി. തേവരുടെ യാത്രയ്ക്ക് വഴിയൊരുക്കി ഭക്തിയോടെ പ്രജകൾ. ഭക്തരുടെ ക്ഷേമം ആരാഞ്ഞെത്തുകയാണ് ഇന്നുമുതൽ തൃപ്രയാർ തേവർ. മകീരൃം പുറപ്പാട് കഴിഞ്ഞതോടെ ഇനി തൃപ്രയാറിന്റെ ഇരുകരകളിലും തേവരുടെ ഗ്രാമപ്രദക്ഷിണമാണ്. രാജകീയ പ്രൗഢിയിലാണ് തേവർ എഴുന്നള്ളുക.
ഒരാഴ്ച ഇനി ആഹ്ളാദത്തിന്റെയും ഭക്തിയുടെയും നിറവിലായിരിക്കും നാട്. സ്വന്തം വഴിയിലൂടെ മാത്രമാണ് തേവർ സഞ്ചരിക്കൂ എന്നാണ് വിശ്വാസം. ഇരുകരകളിലും തേവരുടെ വരവ് പ്രമാണിച്ച് വഴിയോരങ്ങൾ ചെത്തിമിനുക്കിയിട്ടുണ്ട്. പന്തലിട്ട് കുരുത്തോല കെട്ടി അലങ്കരിച്ചും കഴിഞ്ഞു. വരവേൽപ്പിനായി നിറപറയും നിലവിളക്കും വയ്ക്കും. വഴിയോരങ്ങൾ വൈദൃുത ദീപങ്ങളാൽ പ്രഭ ചൊരിയും.
ആറാട്ടുകളാണ് തേവരുടെ ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ചടങ്ങ്. പുത്തൻകുളം, ബ്ളാഹയിൽ കുളം, കുറുക്കൻ കുളം, കോതകുളം, രാമൻ കുളം, കുട്ടൻകുളം, എന്നിവിടങ്ങളിലാണ് തേവർ ആറാട്ട് നടത്തുക. വ്യാഴാഴ്ച നടക്കൽ പൂരത്തിന് എഴുന്നള്ളുന്ന തേവർ പുത്തൻ കുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചതിനുശേഷം ക്ഷേത്രച്ചടങ്ങുകൾ. വൈകീട്ട് കാട്ടൂർ പൂരത്തിന് പുറപ്പെടും.