കയ്പ്പമംഗലം: സംരക്ഷണ പദ്ധതിയുടെ പേരിൽ റോഡ് വീതി കൂട്ടി തോട് നികത്തുന്നതായി പരാതി. എടത്തിരുത്തി പഞ്ചായത്തിലെ നാലാം വാർഡിൽ കരിപ്പത്തോട് വഴി കനോലികനാലിലേക്കുള്ള ഏറ്റവും പ്രധാന തോടാണ് തോട് സംരക്ഷണ പദ്ധതിയിൽ പെടുത്തി കാനയാക്കുന്നത്. പഞ്ചായത്തിലെ 4, 5, 14 വാർഡുകളിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള പ്രധാന തോടാണ് വീതി കുറച്ച് കാനയാക്കുന്നത്.
നൂറോളം കുടുംബങ്ങളെ വീണ്ടും ഒരു വെള്ളക്കെട്ടിന്റെയും മേഖലയിലുണ്ടാക്കിയ പ്രളയഭീതിയുടെയും ദുരിതത്തിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കാൻ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. 12 ലക്ഷം രൂപയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 400 മീറ്ററോളം റോഡ് ടാർ ചെയ്യുന്നതോടൊപ്പം തോട് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിത്തി കെട്ടി സംരക്ഷിക്കുന്നത്.
ഏകദേശം രണ്ടു മീറ്ററോളം വീതിയുണ്ടായിരുന്ന തോടാണ് റോഡ് വീതികൂട്ടാൻ സംരക്ഷണ ഭിത്തി കെട്ടി ഒരു മീറ്റർ താഴെയാക്കി കാനയാക്കി മാറ്റുന്നത്. തോട് നികത്തി റോഡു വീതികൂട്ടുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും തണ്ണീർതടങ്ങളും നീർച്ചാലുകളും സംരക്ഷിച്ച് മാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.
അല്ലാത്തപക്ഷം ജനങ്ങളെയും പരിസ്ഥിതി സാമൂഹിക പ്രവർത്തകരെയും അണിനിരത്തി ജനകീയ പ്രക്ഷോഭങ്ങൾ ഉയർത്തികൊണ്ടുവരുമെന്ന് തോട് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ അധികൃതരും അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.