തൃശൂർ: ജില്ലയിൽ ഇന്നലെ ഈവർഷത്തെ റെക്കാഡ് ചൂട്. ഇതുവരെയുള്ളതിൽ ഏറ്റവും കനത്ത ചൂടാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. 39.02 ഡിഗ്രി സെൽഷ്യസാണ് വെള്ളാനിക്കരയിലെ താപമാപിനിയിൽ രേഖപ്പെടുത്തിയത്. വരുന്ന രണ്ടു ദിവസങ്ങളിലും സമാന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 38ൽ എത്തി നിന്നിരുന്ന ചൂട് വേനൽമഴയുടെ പശ്ചാത്തലത്തിൽ എതാനും ദിവസം അൽപ്പം കുറഞ്ഞിരുന്നു. 35 മുതൽ 36 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന സാഹചര്യം വരെ ഉണ്ടായി.
മേഘാവൃതമായ ആകാശമാണ് ചൂടിനെ കുറച്ചിരുന്നത്. ഒപ്പം അന്തരീക്ഷ ഈർപ്പവും ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ചാറ്റൽ മഴയും ലഭിച്ചിരുന്നു. ഇത് പുഴുക്കം കൂട്ടിയെങ്കിലും വല്ലാത്ത ചൂടിൽ നിന്നും രക്ഷിച്ചിരുന്നു. എന്നാൽ വേനൽമഴ മാറിനിന്നതും മേഘങ്ങളില്ലാത്ത ആകാശവും രണ്ടു ദിവസമായി ചൂട് കൂട്ടുകയായിരുന്നു. തെളിഞ്ഞ ആകാശം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ 40ന് മുകളിലേക്ക് ചൂട് ഉയരാനിടയുണ്ട്.
വേനൽമഴയുടെ ബാക്കിപത്രമായ ഈർപ്പം നിലനിൽക്കുന്നതിനാൽ പുഴുക്കവും ഉണ്ടാവും. അതുകൊണ്ട് തന്നെ പുറത്തിറങ്ങുേമ്പാൾ മൂൻകരുതൽ വേണം. നിർജലീകരണം ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയും പഴ വർഗങ്ങൾ കഴിക്കുകയും വേണം. ചൊവ്വാഴ്ച 38.03 രേഖപ്പെടുത്തിയിരുന്നു.