തൃശൂർ: കടുത്ത ചൂട് ആനകൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ ആനയെഴുന്നള്ളിപ്പ് സമയം പുനഃക്രമീകരിക്കണമെന്ന് വനംവകുപ്പ്. പകൽ പത്തിനും വൈകീട്ട് നാലിനും ഇടയിൽ ആനയെഴുന്നള്ളിപ്പും ആനകളെ തുറസ്സായ സ്ഥലത്ത് നിറുത്തുന്നതും ഒഴിവാക്കണമെന്ന് വനംവകുപ്പിന്റെ സർക്കുലർ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ട് മുൻനിറുത്തി ആനകളെ കടുത്ത ചൂടിൽ നിന്നും മാറ്റിനിറുത്താൻ നടപടി സ്വീകരിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.
പകൽ 11നും 3.30നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാൻ പാടുള്ളതല്ല എന്ന നിർദ്ദേശം നിലവിലുണ്ട്. കടുത്ത വരൾച്ചയും ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് അസഹ്യമായ ചൂടും അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആനകളെ ചൂടുള്ള സമയങ്ങളിൽ എഴുന്നള്ളിക്കരുതെന്നും തുറസ്സായ സ്ഥലത്ത് നിറുത്തരുതെന്നുമാണ് നിർദ്ദേശം. പകൽ പത്തിന് മുമ്പും ഉച്ചകഴിഞ്ഞ് നാലിന് ശേഷവും ഉത്സവ എഴുന്നള്ളിപ്പ് സമയം പുനഃക്രമീകരിക്കണമെന്നും ചൂടുള്ള സമയങ്ങളിൽ തുറന്ന വാഹനത്തിൽ ആനകളെ കൊണ്ടുപോകരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫോറസ്റ്റ് കൺസർവേറ്റർ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആന ഉടമസ്ഥർക്കും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്കും ഉത്സവാഘോഷ സമിതികൾക്കും ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകേണ്ടതാണെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വ്യക്തമാക്കി.