തൃപ്രയാർ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ഇന്ന് തൃപ്രയാറിലെത്തും. രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ തൃപ്രയാർ നഗരവും പരിസരവും അണിഞ്ഞൊരുങ്ങി. കോൺഗ്രസിന്റെ പോഷകസംഘടനയായ ഫിഷർമെൻ കോൺഗ്രസിന്റെ ദേശീയ പാർലമെന്റ് ഉദ്ഘാടനത്തിനായാണ് രാഹുൽ വരുന്നത്. രാവിലെ നാട്ടിക ഫിഷറീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിലാണ് രാഹുൽ ഗാന്ധി വന്നിറങ്ങുക. ഒമ്പതിന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം.
ദേശീയതലത്തിൽ നിന്നായി 543 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ദേശീയതലത്തിൽ ആദിവാസി സമൂഹം കഴിഞ്ഞാൽ എറ്റവും ദുരിതം നേരിടുന്ന ജനവിഭാഗമായ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായാണ് എ.ഐ.സി.സിയുടെ കീഴിൽ ആൾ ഇൻഡ്യ ഫിഷർമെൻ കോൺഗ്രസിന് രൂപം നൽകിയത്. 29 സംസ്ഥാനങ്ങളിലും 7 യൂണിയൻ ടെറിറ്ററികളിലും എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒരുമിപ്പിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. ഇതോടെ മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി നേതാക്കൾ അവകാശപ്പെട്ടു.
സമ്മേളനത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനാകും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, പി.സി. ചാക്കോ, പി.സി. വിഷ്ണുനാഥ്, വി.എം. സുധീരൻ, യൂ.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, പ്രൊഫ. കെ.വി. തോമസ്, വി.ഡി. സതീശൻ എം.എൽ.എ, കുൻവേർഷിംഗ് നിഷാദ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.പി.എ അധികാരത്തിൽ വന്നാൽ ദേശീയതലത്തിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തയ്യാറാക്കിയ ഫിഷർമെന്റ് മാനിഫെസ്റ്റോ ചടങ്ങിൽ ടി.എൻ. പ്രതാപൻ രാഹുൽ ഗാന്ധിക്ക് കൈമാറും. പരിപാടിയുടെ മുഴുവൻ തത്സമയ സംപ്രേഷണം രാഹുൽ ഗാന്ധിയുടെയും ടി.എൻ. പ്രതാപന്റെയും ഫേസ്ബുക്ക് ഒഫീഷ്യൽ പേജിൽ കാണാൻ കഴിയുമെന്നും ഭാരവാഹികൾ അറിയിച്ചു.